
കാലിക്കറ്റില്‍ ദേശീയ ശാസ്ത്രസമ്മേളനം തുടങ്ങി
മറ്റെല്ലാ ശാസ്ത്രശാഖകളുമായി അഗാധബന്ധം പുലര്‍ത്തുന്നത് ജീവശാസ്ത്രമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്ര പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിസിക്‌സ്, കെമിസ്ട്രി, സ്‌പേസ് സയന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ ശാസ്ത്രശാഖകളും അടിസ്ഥാനപരമായി ജീവശാസ്ത്രത്തിന്റെ പ്രായോഗികതലത്തിലാണുള്ളത്. ശാസ്ത്ര ഗവേഷണ രംഗത്തും ഉന്നതപഠനത്തിലും വനിതകളുടെ വര്‍ധന അഭിനന്ദനാര്‍ഹമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ശാസ്‌ത്രോപദേഷ്ടാവും നാഷ്ണല്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് മിഷന്‍ ശാസ്ത്രജ്ഞയുമായ ഡോ. പ്രതിഷ്ഠ പാണ്ഡേ മുഖ്യാതിഥിയായി. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ജൈവ വൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍, നാഷ്ണല്‍ അക്കാദമി ഓഫ് സയന്‍സസ് കേരള ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എടത്തില്‍ വിജയന്‍, സുവോളജി പഠനവകുപ്പ് മേധാവി ഡോ. എല്‍. ദിവ്യ, ഡോ. ഇ. പുഷ്പലത എന്നിവര്‍ സംസാരിച്ചു. കേരളശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള സയന്‍സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 28-ന് വനിതാ ഗവേഷകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പാനല്‍ ചര്‍ച്ചയുണ്ടാകും. രാവിലെ 9.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. ഇന്ത്യയിലെ പ്രമുഖ വനിതാശാസ്ത്രജ്ഞര്‍ പങ്കെടുക്കും.
തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ സെമിനാര്‍
തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി. അമ്മാര്‍ അധ്യക്ഷനായി. ഗൈഡന്‍സ് ബ്യൂറോ ഡയറക്ടര്‍ ഡോ. സി.സി. ഹരിലാല്‍, മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജെ. ജ്യോതിഷ് കുമാര്‍, സംസ്ഥാന വൊക്കേ ഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ വി.ബി. രാജേഷ്, സര്‍വകലാശാലാ പി.ആര്‍.ഒ. സി.കെ. ഷിജിത്ത്, മലപ്പുറം ജില്ലാ വൊക്കേഷണല്‍ ഗൈഡന്‍സ് ചുമതലയുള്ള എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി. ബിന്ദു, പി.വി. ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സ് ആന്റ് വൈ ലേണിങ് സി.ഇ.ഒ. സി. മുഹമ്മദ് അജ്മല്‍, ടി.സി.എസ്. കേരള മേഖല അക്കാദമിക് അലയന്‍സസ് ഗ്രൂപ്പ് മേധാവി രാജീവ് ശ്രീനിവാസ്, കരിയര്‍ ഗൈഡന്‍സ് വിദഗ്ധരായ അന്‍വര്‍ മുട്ടാഞ്ചേരി, എം.വി. സക്കറിയ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് രജത ജൂബിലിക്ക് ഒരുങ്ങുന്നു
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ രജത ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു. 2001 ലാണ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയത്. ഫെബ്രുവരി രണ്ടാം വാരത്തിൽ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും “വുമൺ ഇൻ എഞ്ചിനീയറിങ് – എംപവറിങ് ദി ഫ്യൂച്ചർ” എന്നതാണ് രജത ജൂബിലിയുടെ പ്രമേയം. സ്വാഗത സംഘം രൂപവത്കരണ യോഗം ജില്ലാ പഞ്ചായത്തംഗം ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്തു. ഡയറക്ടറേറ്റ് ഓഫ് യൂണിവേഴ്സിറ്റി സ്റ്റഡി സെന്റർ ഡയറക്ടർ ഡോ. യൂസഫ് അധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ, ശില്പശാലകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാകും പരിപാടികൾ. യോഗത്തിൽ സെനറ്റംഗം വി.എസ്. നിഖിൽ, വാർഡ് മെമ്പർ കനകലത, പി.ടി.എ. എക്സിക്യൂട്ടീവംഗം തൗഫീഖ്, വിവിധസംഘടനാ പ്രതിനിധികളായ ഡോ. ലിജീഷ്, ജംഷീർ, സ്വപ്‍ന, മുഹമ്മദ് ഷരീഫ്, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
സിൻഡിക്കേറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ജനുവരി 31-ന് ( ശനി ) രാവിലെ 10 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
സെനറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലാ വാർഷിക സെനറ്റ് യോഗം മാർച്ച് 12-ന് ( വ്യാഴം ) രാവിലെ 10 മണിക്ക് സെനറ്റ് ഹാളിൽ ചേരും.
കേരള – മലയാള പഠനവകുപ്പിൽ പ്രസംഗ മത്സരം
ശാസ്ത്രയാൻ ഓപ്പൺ ഹൗസ് 2025 – 2026-ന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ കേരള – മലയാള പഠനവകുപ്പ് ജനുവരി 30-ന് രാവിലെ 10 മണിക്ക് ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 2000, 1500, 1000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. താത്പര്യമുള്ളവർ രജിസ്ട്രേഷനായി ബന്ധപ്പെടുക ( ഫോൺ ) : 9048650514, 9645278944.
ജീവിതം തുറക്കുന്ന മനുഷ്യപുസ്തകങ്ങൾ: 29 മുതൽ സർവകലാശാലയിൽ
കാലിക്കറ്റ് സർവകലാശാലയിലെ ‘ശാസ്ത്രയാൻ 2026’ പ്രദർശനത്തിന്റെ ഭാഗമായി ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് ഹ്യൂമൻ ലൈബ്രറി സംഘടിപ്പിക്കും. ജനുവരി 29, 30, 31 തിയതികളിലായി സർവകലാശാലാ പാർക്കിലെ വേദികളിൽ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിൽ വൈവിധ്യം പുലർത്തിയ മുപ്പതോളം മനുഷ്യപുസ്തകങ്ങളെ ജനങ്ങൾക്ക് മുന്നിൽ തീർത്തും സൗജന്യമായ എത്തിക്കും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ഇൻഫ്ലുൻസറുമായ സി.പി. ഷിഹാബുദീൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി, കാർഷിക വിപ്ലവനേതാവും രാഷ്ട്രീയ പ്രവർത്തകനുമായ പി.ടി. ജോൺ, സാമൂഹിക പ്രവർത്തകനും സിൻഡിക്കേറ്റംഗവുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. ടി.വി. മധു, ലൈബ്രറി ആർക്കിടെക്ചറിൽ പ്രഗത്ഭനായ ഫാദർ ഡോ. ജോൺ നീലങ്കാവിൽ, കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി. സാരുതി, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ ഫിലിം ഡയറക്ടർ ലീല സന്തോഷ്, തൊഴിലാളി സംഘടന പ്രവർത്തകൻ ഗ്രോ വാസു, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബാബുരാമചന്ദ്രൻ, പ്രശസ്ത നർത്തകി വി.പി. മൻസിയ എന്നിവർ ഉൾപ്പെടെ വ്യത്യസ്ത സാമൂഹിക സംസ്‌കാരിക തൊഴിൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുപ്പതോളം പ്രഗത്ഭരായ മനുഷ്യ പുസ്തകങ്ങളെയാണ് പഠന വകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. സന്ദർശകർക്ക് ഇവരുമായി നേരിട്ട് സംവദിക്കാം.
സെക്യൂരിറ്റി ഗാർഡ് വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജനുവരി 30-ന് നടക്കും. യോഗ്യത : 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർ / അർധസൈനികർ. ഉയർന്ന പ്രായപരിധി : 50 വയസ് ( സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ). താത്പര്യമുള്ളവർ രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം.
ഡോഗ് ട്രെയിനിങ് പ്രോഗാം ഇൻസ്ട്രക്ടർ / കെയർടേക്കർ നിയമനം
കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠന വകുപ്പ് തൃശ്ശൂർ കേരളാ പോലീസ് അക്കാദമിയിൽ നടത്തുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് പ്രോഗ്രാമിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ (01 – ഒഴിവ്), കെയർടേക്കർ (02 – ഒഴിവ്) നിയമനങ്ങൾക്കുള്ള വാക് – ഇൻ – ഇന്റർവ്യൂ ജനുവരി 28-ന് നടത്തും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 10.30-ന് കേരളാ പോലീസ് അക്കാദമിയിലെ ഫോറൻസിക് സയൻസ് പഠനവകുപ്പിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ : 9895086515.
കോളേജ് ട്രാൻസ്ഫർ അപേക്ഷ നീട്ടി
2024 – 25 ബാച്ച് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലെ മേജർ നിലനിർത്തികൊണ്ടുള്ള കോളേജ് ട്രാൻസ്ഫർ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി ജനുവരി 28-ന് വൈകിട്ട് 3 മണി വരേയ്ക്ക് നീട്ടി.
പ്രാക്ടിക്കൽ പരീക്ഷ
മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ( എം.എച്ച്.എം. ) ഒന്നാം സെമസ്റ്റർ MHM1L3 – ADVANCED FRONT OFFICE MANAGEMENT, മൂന്നാം സെമസ്റ്റർ MHM3L13 – ADVANCED FOOD AND BEVERAGE MANAGEMENT നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 29, 30 തീയതികളിൽ നടക്കും. കേന്ദ്രം : ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ലക്കിടി വയനാട്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ അപേക്ഷ
വിദൂര വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബി.ടെക്. ( 2019 മുതൽ 2022 വരെ പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




