ചരിത്രം കുറിച്ച് ആർട്ടെമിസ് II സംഘം; ചന്ദ്രനെ തൊട്ട് ഭൂമിയില്‍ തിരികെയെത്തി

ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് അംഗ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. സുരക്ഷിതമായ ലാൻഡിംഗിനായി യു എസ് നേവിയുടെ ജെ എം മാർത്ത കപ്പൽ സാൻ ഡിയാഗോ തീരത്ത് തയ്യാറായി നിന്നിരുന്നു. ഹെലികോപ്റ്ററുകളും പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും പേടകവും സഞ്ചാരികളെയും വീണ്ടെടുക്കാൻ സജ്ജമായി നിന്നിരുന്നു. നാസയുടെ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, സി എസ് എ (Canadian Space Agency) ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസെൻ എന്നിവരാണ് ഈ സംഘത്തിലുള്ളത്.

ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1970ൽ ഭൂമിയിൽ നിന്ന് 4,00,171 കിലോമീറ്റർ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോർ‍ഡ് ഇന്നലെ രാത്രി 11:26നാണ് ഒറയോൺ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഇന്ന് പുലർച്ചെ 4:37ന് ഭൂമിയിൽ നിന്ന് നാല് ലക്ഷത്തി 6,771 കിലോമീറ്റർ അകലെ വരെ പേടകമെത്തി. ഇനി ഇതാണ് മനുഷ്യൻ ഭൂമിയിൽ നിന്ന് സഞ്ചരിച്ച പരമാവധി ദൂരം.

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആ‌ർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആ‌ർട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഒറെയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആ‌ർട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു.

Share news
error: Content is protected !!
Scroll to Top