എംഡിഎംഎയുമായി പിടിയിൽ

ഫറോക്ക് : രാമനാട്ടുകരയിലെ ലോഡ്ഡിൽ നിന്ന് 40.50 ഗ്രാം എംഡിഎംഎയും ലഹരി വിൽപ്പനയിൽ ലഭിച്ച പണവുമായി മധ്യവയസ്കൻ പിടിയിലായി. കോഴിക്കോട് നൈനാം വളപ്പ് പള്ളിക്കണ്ടി സൗദാ മൻസിലിൽ ഷാഹുൽ ഹമീദിനെ(53)യാണ് രാമനാട്ടുകരയിലെ ഒരു ലോഡിൽ നിന്ന് ഇൻസ്പെക്ടർ സി ലതീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസ് പിടികൂടിയത്.

ശനി പുലർച്ചെയാണ് സംഭവം. ലോഡിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തിൽ പൊലീസ് പ്രതി താമസിക്കുന്ന റൂമിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ വിൽപ്പനയിൽ ലഭിച്ച 1,52,300 രൂപയും വിൽപ്പനയ്ക്കായി സിപ്പ് ലോക്ക് കവറിലാക്കി സുക്ഷിച്ച 40.50 ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്.

ബംഗളൂരുവിൽനിന്ന് എംഡിഎംഎ മൊത്തമായി എത്തിച്ച് രാമനാട്ടുകര, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾ, വിദ്യാർഥികൾ, ഇതരസം സ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ചില്ലറ വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. വിഷു ആഘോഷം ലക്ഷ്യമിട്ട് മുൻകൂട്ടി എത്തിച്ച എംഡിഎംഎ ലോഡ്ഡിൽവച്ച് ചെറിയ പാക്കറ്റുകളാക്കുന്നതിനിടെയാണ് പ്രതി കുരുക്കിലായത്. ഷാഹുൽ ഹമീദ് ആർക്കൊക്കെയാണ് മയക്കുമരുന്ന് നൽകുന്നതെന്നും എവിടെ നിന്നാണ് എത്തിക്കുന്നതെന്നുമുള്ള വിവരങ്ങൾ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതി സ്ഥിരം കുറ്റവാളിയാണെന്നും നല്ലളം ഫറോക്ക് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ഫറോക്ക് സബ് എസിഐ മിഥുൻ, റിനീഷ്, പൊലീസുകാരായ മുഹമ്മദ് അഷ്റഫ്, ആഷിദ്, യശ്വന്ത്, ഹോംഗാർഡ് ലിജിരാജ് എന്നിവരും പൊലീസ് സംഘത്തിലുൾപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top