
താമരശ്ശേരി:താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്. കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് തല്ലുണ്ടായത്. മുക്കം ചെറുവാടിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കോടതിക്ക് മുന്‍വശത്തുവെച്ച് ഏറ്റുമുട്ടിയത്.
മുക്കം ചെറുവാടി സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തിയ്യതി ശനിയാഴ്ച രാത്രി 9.30 മുതല്‍ കാണ്മനില്ല എന്നു കാണിച്ച് ബന്ധുക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് ഇന്നു രാവിലെ പെണ്‍കുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിച്ച് പെണ്‍കുട്ടിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവാദം നല്‍കി. കോടതിക്ക് പുറത്ത് എത്തിയപ്പോള്‍ വിവാഹം നടത്തിതരാമെന്ന് പറഞ്ഞ് ബന്ധുകള്‍ പെണ്‍കുട്ടിയെകൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് വിവരം. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് സാരമായി പരിക്കേറ്റതായും വിവരമുണ്ട്.




