8 മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ വധശിക്ഷ

ചാരവൃത്തി ആരോപണത്തില്‍ ഖത്തറിലെ തടവിലുള്ള എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ. ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് കമ്പനി ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഒരാള്‍ മലയാളിയാണ്. മുന്‍ ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവര്‍. ഒരു വര്‍ഷമായി ഇവര്‍ തടവിലാണ്. ഖത്തര്‍ കരസേനയിലെ പട്ടാളക്കാര്‍ക്ക് ട്രെയിനിങ് നല്‍കുന്ന കമ്പനിയാണ് ഇത്.

ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയമപരമായ സഹായങ്ങള്‍ നല്‍കുമെന്നും വധശിക്ഷ വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജയിലിലുള്ളവരുടെ ജാമ്യഹര്‍ജി എട്ടു തവണ ഖത്തര്‍ അധികൃതര്‍ തള്ളിയിരുന്നു. ഇന്ത്യക്കാരെ തടവിലാക്കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ക്കനോടും ഭാര്യയോടും രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എട്ട് ഇന്ത്യക്കാരേയും ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള കൃത്യമായ ആരോപണം എന്താണെന്ന് ഖത്തര്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കേസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിധി ഖത്തര്‍ അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോണ്‍സുലര്‍ പ്രവേശനം അനുവദിച്ചതിന് ശേഷം ഒക്ടോബര്‍ ഒന്നിന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജയിലില്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top