‘ജനനായകൻ’ സിനിമയുടെ എച്ച്ഡി പതിപ്പ് ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ 6 പേർ അറസ്റ്റിൽ

ചെന്നൈ : തമിഴ് സൂപ്പർ താരം വിജയിയുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ സിനിമയുടെ ഹൈ-ഡെഫനിഷൻ (എച്ച്ഡി) പതിപ്പ് ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ ആറ് പേരെ തമിഴ്‌നാട് സൈബർ ക്രൈം വിംഗ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്റെ അടിയന്തര നടപടി.

അനധികൃതമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സിനിമ പങ്കുവെച്ച മുന്നൂറിലധികം ലിങ്കുകൾ സൈബർ വിഭാഗം ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഏപ്രിൽ 9-നാണ് സിനിമയുടെ പല ഭാഗങ്ങളും ചിലയിടങ്ങളിൽ മുഴുവൻ സിനിമയും ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയത്.

പരാതി ലഭിച്ചതിനെത്തുടർന്ന് സ്റ്റേറ്റ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്ററിൽ കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഇൻഫർമേഷൻ ടെക്നോളജി ആക്ട്, കോപ്പിറൈറ്റ് ആക്ട്, സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

പൈറസി തടയുന്നതിനായി സൈബർ ക്രൈം വിംഗിന് കീഴിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. ഈ സംഘങ്ങൾ ഡിജിറ്റൽ ഫോറൻസിക് വിശകലനത്തിലൂടെയും മറ്റും സിനിമ അപ്‌ലോഡ് ചെയ്തവരെയും പങ്കുവെച്ചവരെയും കണ്ടെത്തുകയായിരുന്നു. ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്‌ഫോമുകളും ഷെയർ ഡ്രൈവ് ലിങ്കുകളും ഉപയോഗിച്ചാണ് പ്രതികൾ സിനിമ പ്രചരിപ്പിച്ചത്. ഇവരിൽ നിന്ന് നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top