
തിരുവനന്തപുരം:ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം ശക്തിപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സ്‌കൂളുകളില്‍ നിന്നും വണ്‍ മില്യണ്‍ തൂഫാന്‍ ഗോളുകള്‍ @ ലോകകപ്പ് 2026’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പതിനേഴായിരത്തിലധികം സ്‌കൂളുകള്‍ പങ്കാളികളാകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഫുട്‌ബോള്‍ ഗോളടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
ലഹരിവസ്തുക്കളില്‍ നിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകര്‍ഷിക്കേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജീവിതമാണ് ലഹരിയെന്ന ബോധ്യം വരുത്തുകയാണ് ലക്ഷ്യം. സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്നും പുകയില ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഭാവി തലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകര്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ലഹരിവ്യാപനത്തെ ചെറുക്കാനായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ, എക്‌സൈസ്, ആരോഗ്യ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തില്‍ ആരംഭിച്ച തൂഫാനിലൂടെ വലിയ മുന്നേറ്റം നടത്താനാകുന്നുണ്ട്. ജൂണ്‍ 26-ലെ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിപുലമായ ബോധവത്കരണ-കായിക പരിപാടികള്‍ സംഘടിപ്പിക്കും. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. കൂടാതെ വിക്ടേഴ്‌സ് ചാനലിലൂടെ ബോധവല്‍ക്കരണ സന്ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി മാഫിയകളെ തകര്‍ക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ഫുട്‌ബോള്‍ എന്ന കായിക വിനോദത്തോടുള്ള കേരളത്തിലെ കുട്ടികളുടെ ആവേശം ലഹരിക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റുകയാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പദ്ധതിയില്‍ പങ്കാളിയാകുന്നതിലൂടെ ലഭിക്കുന്ന ഗോളുകള്‍ ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡിലൂടെ കാണുന്നതിനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പുതിയ തലമുറയുടെ ജീവിതം മയക്കുമരുന്നിന് അടിമപ്പെടാതെ, കായിക വിനോദങ്ങളും കലാപരിപാടികളും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. മയക്കുമരുന്ന് ഉപയോഗം ജീവിതത്തെ തകര്‍ക്കും. ഇത് വൈകാതെ ആത്മഹത്യയിലേക്കോ ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് മരണത്തിലേക്കോ നയിക്കും. അതിനാല്‍ സ്വന്തം കാലില്‍ നില്‍ക്കാനും മാതാപിതാക്കളെയും സമൂഹത്തെയും സംരക്ഷിക്കാനും കഴിയുന്ന ഒരു ശക്തിയായി വിദ്യാര്‍ഥികള്‍ മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി എന്‍ ഷംസുദ്ദീനും ഒളിമ്പ്യന്‍ ശ്രീജേഷും വിദ്യാര്‍ഥികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് ഗോളുകളടിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പേരൂര്‍ക്കട ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ്എസിലേയും കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി എച്ച്എസ്എസിലേയും നാല്‍പതോളം വിദ്യാര്‍ഥികളാണ് മന്ത്രിമാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാനെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




