ബ്ലാക്ക് മെയിലിങ് ജേര്‍ണലിസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം;കോം ഇന്ത്യ; കോം ഇന്ത്യയെ നയിക്കാന്‍ പുതിയ ഭാരവാഹികള്‍

കൊച്ചി: ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാര്‍ഷിക ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോടും പൊലീസ് അധികൃതരോടും ആവശ്യപ്പെട്ടു.

യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജുകള്‍, ന്യൂസ് എന്ന് പേരിടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ബ്ലോഗുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ രൂപീകരിച്ച് വിവിധ ജില്ലകളില്‍ വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിങ്ങുമാണ് അരങ്ങേറുന്നത്.സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ലക്ഷങ്ങളാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിച്ചെടുക്കുന്നത്.

ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ഇത്തരക്കാരുടെ പ്രവൃത്തി ഡിജിറ്റല്‍ മീഡിയകളുടെ വിശ്വാസ്യതയെ പോലും ബാധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനും കോം ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

ഇതുസംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് ചീഫ് എന്നിവര്‍ക്ക് സംഘടന പരാതി നല്‍കും.

ഇത്തരം പുഴുക്കുത്തുകളെ തൂത്തെറിയാന്‍, ബ്ലാക്ക് മെയിലിങ് സംബന്ധമായി വിവരം നല്‍കുന്നതിനായി പൊലീസ് തന്നെ ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കുകയും വിവരം കൈമാറാന്‍ പ്രത്യേക നമ്പര്‍ നല്‍കുകയും വേണം.

എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

യോഗത്തില്‍ വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് അധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രധാന ഡിജിറ്റല്‍ മീഡിയ സംഘടനയും മലയാളത്തിലെ ഏറ്റവും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ മാനേജ്‌മെന്റ് അസോസിയേഷനുമായ ‘കോം ഇന്ത്യ’യുടെ പുതിയ പ്രസിഡന്റായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിനെ തിരഞ്ഞെടുത്തു.

മലയാളി വാര്‍ത്ത എഡിറ്റര്‍ സോയിമോന്‍ മാത്യു ആണ് ജനറല്‍ സെക്രട്ടറി. ട്രൂ വിഷന്‍ ന്യൂസ് എഡിറ്റര്‍ കെ കെ ശ്രീജിത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), കെ ബിജിനു (കേരള ഓണ്‍ലൈന്‍ ന്യൂസ്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, കെ ആര്‍ രതീഷ് (ഗ്രാമജ്യോതി), സ്മിത അത്തോളി (മലബാറി ന്യൂസ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), സാജ് കുര്യന്‍ (സൗത്ത് ലൈവ്), അബ്ദുള്‍ മുജീബ് (കെ വാര്‍ത്ത), കെ ഷാജി (എക്‌സ്പ്രസ് കേരള), അജയ് മുത്താന (വൈഗ ന്യൂസ്), അല്‍ അമീന്‍ (ഇ വാര്‍ത്ത), ഇസഹാഖ് ഈശ്വരമംഗലം (മലബാര്‍ ന്യൂസ്) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.

കൊച്ചി ഐ.എം.എ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് അധ്യക്ഷത വഹിച്ചു .

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഡിജിറ്റല്‍ മീഡിയ സംഘടനയാണ് കോം ഇന്ത്യ.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന പിആര്‍ഡി 2023-ല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ പുതുക്കിയ മീഡിയ ലിസ്റ്റ് പുറത്തിറക്കിയത് കോം ഇന്ത്യയുടെ ശക്തമായ ഇടപെടലിലായിരുന്നു.

സംഘടനയില്‍ അംഗത്വം ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും www.comindia.org എന്ന് ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴിയും 4comindia@gmail.com എന്ന മെയിലിലും അപേക്ഷ അയക്കാവുന്നതാണ്.

ഇത്തരം അപേക്ഷകളില്‍ ആവശ്യമായ പരിശോധന നടത്തിയ ശേഷം മാത്രമാകും അംഗത്വം നല്‍കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top