Section

malabari-logo-mobile

ജോയിയുടെ സഞ്ചാരപഥങ്ങള്‍

HIGHLIGHTS : Story written by Sanil Naduwath

രാവിലെയുള്ള നടത്തത്തിനിടയില്‍ ജഗന്നിവാസേട്ടന്റെ വീടിനും അഷ്റഫിന്റെ കടക്കും ഇടയിലെവിടെയെങ്കിലും വെച്ച് എന്നും അയാളും ജോയിയും മുഖാമുഖമെന്നോണം കണ്ടിരിക്കും.
ജോയ് അടുത്തെത്തുന്നതിന് മുന്‍പ് നേര്‍ത്ത പരിഹാസച്ചുവയുള്ള ചിരിയോടെ നടത്തത്തിനിടയില്‍ ശാലിനി പറയും
‘നിങ്ങടെ പുന്നാര ജോയ് വരുന്നുണ്ട്’
ജോയ് അടുത്തെത്തിയാല്‍ എന്നും അയാള്‍ ‘ജോയ്….’ എന്ന് വിളിക്കും
‘അ’ എന്നോ ‘ഹ’ എന്നോ വ്യക്തമാവാത്ത രൂപത്തില്‍ ജോയ് വിളി കേള്‍ക്കും.
വളരെ യാന്ത്രികതയെന്നോണം വിളി കേള്‍ക്കുകയല്ലാതെ ജോയ് മുഖമുയര്‍ത്തി
നോക്കുകയോ ചിരിക്കുകയോ ചെയ്യില്ല.
പക്ഷേ ഇടം കണ്ണാലൊരു നോട്ടം എന്നും ജോയ് അയാള്‍ക്കു നേരെ കരുതി വെച്ചിരുന്നു..

സെമിത്തേരിയുടെ അടുത്താണ് ജോയിയുടെ വീട്. ബി.ഇ.എം ഹൈസ്‌ക്കൂളില്‍ പഠിപ്പിച്ചിരുന്ന കുര്യന്‍ മാഷുടെ ഒരേയൊരു മകന്‍.
ഇംഗ്ലീഷായിരുന്നു കുര്യന്‍ മാഷുടെ വിഷയം.
ക്ലാസ്സിലെത്തിയാല്‍ തലേ ദിവസം പഠിപ്പിച്ച പാഠഭാഗത്തിന്റെ ബാക്കി ഏതെങ്കിലും ഒരു കുട്ടിയെക്കൊണ്ട് മാഷ് വായിപ്പിക്കും.
സ്‌ക്കൂളില്‍ പഠിപ്പിക്കേണ്ട എല്ലാ പാഠഭാഗങ്ങളും കുര്യന്‍ മാഷിന് മന:പ്പാഠമാണ്.

sameeksha-malabarinews

കുട്ടിവായിക്കാന്‍ തുടങ്ങിയാല്‍ കുര്യന്‍മാഷ് മേശമേല്‍ കയറിയിരിക്കും.കാലുകള്‍ വിടര്‍ത്തിയാട്ടി ഏതോ ലോകത്തെന്ന പോലെയാണ് കുര്യന്‍ മാഷുടെ ഇരിപ്പ്. നര കയറിയ മീശരോമം നിറയെ മൂക്കുപൊടി വലിച്ചതിന്റെ ശേഷിപ്പുകള്‍ കാണാം.ഒരു ക്ലാസ് കഴിഞ്ഞ് അടുത്ത ക്ലസില്‍ കയറുന്നതിനിടയില്‍ ഇത്തിരി മൂക്കുപൊടി എങ്ങനെയെങ്കിലും മാഷ് വലിച്ചിരിക്കും.

നിറയെ ചെളി പുരണ്ട പോലെയുള്ള പുകയില കറപ്പാടുകളുള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മാഷ് സ്‌ക്കൂളിലെത്തുക. അലക്കലും തേക്കലുമില്ലാത്ത വസ്ത്രധാരണം. മൂക്കുപൊടിയുടേയും വിയര്‍പ്പിന്റേയും ഗന്ധം സഹിക്കാന്‍ വയ്യാതെയായപ്പോള്‍, ഒന്നിച്ചിരുന്നുള്ള ഉച്ചഭക്ഷണ സമയത്ത് സഹ അധ്യാപകര്‍ പ്രതിഷേധം ശക്തമാക്കിയതോടെ കുര്യന്‍ മാഷ് ഉച്ചഭക്ഷണം നിര്‍ത്തി. പകരം സ്‌ക്കൂള്‍ മുറ്റത്തെ പടുകൂറ്റന്‍ മാവിന്‍ ചുവട്ടിലിരുന്ന് കാലുകളാട്ടി മാഷ് ചിരിച്ചുകൊണ്ടിരുന്നു.

പഠിപ്പിക്കേണ്ട എല്ലാ ക്ലാസ്സുകളിലേയും പാഠഭാഗങ്ങള്‍ കുര്യന്‍ മാഷിന് കാണാപ്പാഠമായതിനാല്‍ വായിക്കുന്നതിനിടയില്‍ കുട്ടിക്ക് തെറ്റിയാല്‍
ചൂരല്‍ കൊണ്ട് ഡെസ്‌ക്കിലടിച്ച് മാഷ് തിരുത്തിക്കൊടുക്കും. സ്‌പെല്ലിംഗ്, ഉച്ചാരണം, അര്‍ത്ഥം എല്ലാം അതിന്റെ കൂടെ പറയും.
വായന കഴിഞ്ഞാല്‍ മാഷ് ചോദിക്കും
‘സംശയങ്ങളെന്തെങ്കിലും ഉണ്ടോ?’
ഉണ്ടെന്നോ ഇല്ലെന്നോ ആരും മറുപടി പറയില്ല.
വായന കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് സന്തോഷമാണ്. അന്നത്തെ ക്ലാസ്സ് കഴിഞ്ഞ പോലെയാണത്.പിന്നെ മാഷ് മാഷുടെ ലോകത്തും കുട്ടികള്‍ കുട്ടികളുടെ ലോകത്തുമായിരിക്കും.

ആ ലോകത്ത് ഇരുന്ന് കൊണ്ട് ഇടക്ക് കുര്യന്‍ മാഷ് ചിരിക്കും. ആരോടെന്നില്ലാത്ത ചിരി. ചിരി ചിലപ്പോള്‍ ഉറക്കെയാവും. അപ്പോള്‍ കുട്ടികളും ചിരിക്കും.
കുട്ടികള്‍ കുശുകുശുക്കും – മാഷുടെ വട്ട് തുടങ്ങി.
ചിലപ്പോള്‍ മാഷ് കരയുന്നതു പോലെ തോന്നും. മുഖമെല്ലാം വലിഞ്ഞ് മുറുകും.
കവിളില്‍ വിറയല്‍ രൂപം കൊള്ളും. ചുണ്ടുകളും വിറ തുള്ളും. കണ്ണുകള്‍ ഇറുകി അടയും. വീണ്ടും മാഷ് ചിരിക്കും. ചിരി ഉച്ചത്തിലാവും. പേടിച്ച് കുട്ടികളുടെ ഇടയില്‍ നിന്ന് ആരെങ്കിലും മാഷേ എന്ന് വിളിക്കും.
അമറല്‍ പോലെയുള്ള ഒരു മൂളക്കത്തോടെ മാഷ് വിളി കേള്‍ക്കും. കൂടുതല്‍ ശക്തമായി മാഷ് കാലുകളാട്ടും.പിന്നെ പിന്നെ കാലുകളുടെ ആട്ടം നിലയ്ക്കും.

ചൂട്ടമനോജല്ലാതെ ആരും മാഷുടെ ക്ലാസ്സില്‍ സംശയം ചോദിച്ചിട്ടില്ല. അന്ന് മനോജും സംശയങ്ങളൊന്നും ചോദിച്ചില്ല.
ആദ്യമായ് കുര്യന്‍ മാഷോട് സംശയം ചോദിച്ച ദിവസം മനോജ് ഇരുന്നിരുന്നത് പിന്നിലെ ബെഞ്ചിലായിരുന്നു. ഉയരം കുറവായിരുന്ന മനോജിനെ പിടിച്ച് മാഷ് മുന്നിലെ ബെഞ്ചിലിരുത്തിക്കൊണ്ട് പറഞ്ഞു
‘ഇത്തിരിപ്പോന്ന ചൂട്ട കുട്ടികള്‍ മുന്നിലിരിക്കണം’
അതോടെയാണ് മനോജ് ചൂട്ടമനോജായത്.

കുട്ടികള്‍ കുര്യന്‍ മാഷിന് വട്ടാണെന്ന് പറയുമ്പോള്‍ മനോജ് മാത്രം പറഞ്ഞു – മാഷിന് വട്ടല്ല, പഠിച്ച് പഠിച്ച് വിവരം കൂടിയപ്പോള്‍ തല മറിഞ്ഞതാ…
വളരെ ഗഹനതയോടെ, പഠിപ്പിസ്റ്റായ മനോജ് അത് പറയുമ്പോള്‍ അത്ഭുതത്തോടെയും ആദരവോടെയും ചില കുട്ടികള്‍ അത് വിശ്വസിച്ച് പോന്നു.

ആ കുര്യന്‍ മാഷുടെ മകനാണ് ജോയ്.
ജോയ് കുര്യന്‍ എന്നാണ് എസ്എസ്എല്‍സി ബുക്കിലെ ശരിയായ പേര്.

അനുജന്‍ ഹരീഷിന്റെ ക്ലാസ്മേറ്റായിരുന്നു കുര്യന്‍ മാഷുടെ മകന്‍ ജോയ്. അങ്ങനെ,ജോയ് വീട്ടില്‍ വന്നപ്പോഴും , അല്ലാതേയും അയാള്‍ക്ക് ജോയിയെ അറിയാം. ഒന്നു മുതല്‍ പ്രീ-ഡിഗ്രി വരെ ഒന്നിച്ചു പഠിച്ചവരാണ് ഹരീഷും ജോയിയും. മെലിഞ്ഞിട്ടാണെങ്കിലും ജോയിക്ക് നല്ല കരുത്തുണ്ടെന്ന് ഹരീഷ് പറയും. പല്ല് ഒരല്പം മുന്നോട്ടാണ് അതുകൊണ്ടുതന്നെ ചിരിക്കുമ്പോള്‍ മോണയടക്കം കാണാം.

ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹരീഷ് പറഞ്ഞു
‘ആ ജോയിക്കും വട്ടാണ് ‘
വിശ്വാസം വരാതെ അയാള്‍ ചോദിച്ചു
‘ആര്‍ക്ക്…?’
‘മ്മ്ളെ കുര്യന്‍ മാഷുടെ ജോയിക്കെന്നെ’
”നീയെന്താ ഇപ്പറയണ്… എടാ അവന്‍ നിന്റെ സുഹൃത്തല്ലേ…?!”
അവന്റെ നിസ്സാരമായ പറച്ചിലില്‍ അയാള്‍ക്ക് അല്‍പ്പം നീരസം തോന്നി.
‘അവന് ഒരു കുഴപ്പവുമില്ലായിരുന്നല്ലോ?!’
അയാള്‍ വീണ്ടും വിശ്വസിക്കാനാവാതെ ചോദിച്ചു.

‘എന്നാ ഇപ്പം ഓന് വട്ടാണ്. പെരും വട്ട് . കഞ്ചാവടിച്ച പോലുള്ള അവന്റെ ചിരിയുണ്ടല്ലോ… കാണണ്ടതാ’

അതും പറഞ്ഞ്, ജോയിയുടെ ചിരി സ്വപ്നത്തില്‍ കാണുന്നതുപോലെ, അതാസ്വദിച്ചിട്ടെന്നവണ്ണം ഹരിഷ് ഒരു തുറന്ന ചിരിചിരിച്ചു.
ഒരു നിരാശയോടെ അയാള്‍ പറഞ്ഞു

‘നിങ്ങളെല്ലാവരും കൂടി അവനെ അങ്ങനെ ആക്കിക്കാണും….മമ്മൂട്ടിയുടെ ഒരു സിനിമയുണ്ടല്ലോ.. അതുപോലെ’

‘അങ്ങനെ, പറഞ്ഞാല്‍ വരുന്നതാണ് വട്ടെങ്കില്‍ അതാദ്യം വരേണ്ടത് എനിക്കല്ലെ’. അവന്റെ കൂടെ നടക്കണേന് ഞാന്‍ കൊറേ സഹിച്ചിട്ടുണ്ട്. പ്രാന്തന്‍ മാഷുടെ മോനല്ലേ അന്റെ കൂട്ട്ന്നാ പറച്ചില്..കൊറേ സഹിച്ചതാ ഞാന്‍, ഓന് പ്രാന്ത് വന്നത് നന്നായീന്നാ ഇപ്പം ഇനിക്കി തോന്നണത്. ഇനി ഇപ്പം ഓന്റെ കൂടെ നടക്കണ്ടല്ലോ… ആരോടൊക്കെയോ ഉള്ള ദേഷ്യം ഭക്ഷണത്തോട് തീര്‍ത്ത് ഹരീഷ് എഴുന്നേറ്റ് പോയി.

ഓര്‍മ്മകളില്‍ നിന്ന് പിന്നീടെപ്പോഴോ ജോയ് എന്ന ചിത്രം മാഞ്ഞു.
നാടും നഗരവും വിട്ടുള്ള വിദേശവാസത്തിനിടയില്‍ ഒരിക്കലും ജോയ് എന്ന ഓര്‍മ്മ അയാളിലേക്കെത്തിനോക്കിയില്ല.

മഹാമാരിക്കാലത്ത് നാട്ടില്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ചപ്പോള്‍ വീട് വെക്കാനൊരു സ്ഥലം കിട്ടിയത് ജോയിയുടെ രാവിലെയുള്ള ഈ സഞ്ചാരപഥത്തിനിടയിലായിരുന്നു.
പുതിയ വീട്ടില്‍ താമസമാക്കിയ ശേഷം, രാവിലത്തെ നടത്തം തുടങ്ങിയ ദിവസം തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായ് അയാള്‍ ജോയിയെ കണ്ടു.
ഒന്നും മിണ്ടാതെ, ചിരിക്കാതെ, മുഖത്തേക്ക് നോക്കാതെ പോവുന്ന ജോയിക്കണ്ടപ്പോള്‍ ഭക്ഷണത്തോട് ദേഷ്യം തീര്‍ത്ത് എഴുന്നേറ്റ് പോയ അനുജന്റെ മുഖം അയാള്‍ക്കോര്‍മ്മ വന്നു. കൂടെ നടക്കുന്ന ശാലിനിയോടയാള്‍ പറഞ്ഞു. ‘പാവം, ഇവന്‍ ഇങ്ങനെ ആവില്ലായിരുന്നു…’
ശാലിനി അത് കേട്ടില്ല എന്ന് അയാള്‍ക്ക് തോന്നി. ശാലിനി കേള്‍ക്കാന്‍ ഒരിക്കല്‍ കൂടി പറയണോ!. പക്ഷേ, നാവ് ഉയരുന്നില്ല. അക്ഷരങ്ങള്‍ തൊണ്ടയില്‍ കുരുങ്ങി കിടക്കുന്നു.ചില കാര്യങ്ങള്‍ അങ്ങനെയാണ്.രണ്ടാമത് പറയാന്‍ എത്ര വിചാരിച്ചാലും കഴിയില്ല.

പിന്നീടുള്ള നടത്തങ്ങളില്‍, നേരെ മുന്നിലെത്തുമ്പോള്‍ അയാള്‍ ജോയിയെ വെറുതെ പേര് വിളിക്കാന്‍ തുടങ്ങി.ആ വിളി ജോയ് ആസ്വദിക്കുന്നുണ്ടെന്ന് പിന്നെപ്പിന്നെ അയാള്‍ക്ക് തോന്നി. അടുത്തെത്തുമ്പോള്‍ ജോയിയില്‍ ഈയിടെയായി ഒരുണര്‍വ്വുണ്ട്. ആ ശരീര താളങ്ങളില്‍ ഒരു സന്തോഷം ഉള്ളതുപോലെ. വിളിക്കായി കാത്തുനില്‍ക്കുന്നതും വിളി കേട്ടാല്‍ വേഗതയേറുന്നതുമായ ഒരു രൂപാന്തരം ജോയിയുടെ നടത്തത്തില്‍ വന്നു ചേര്‍ന്നു.

രാവിലെ പാല് വാങ്ങാന്‍ മാത്രമാണ് ജോയ് പുറത്തിറങ്ങുന്നത്. സെമിത്തേരിയുടെ അരികിലൂടെ വന്ന് ചുടലപറമ്പ് മൈതാനവും കടന്ന് റെയിലിനപ്പുറം ചെന്ന് വേണം പാല് വാങ്ങാന്‍. പാല്‍ക്കാരന്‍ വരാന്‍ എന്നും ഏഴ് മണിയാവും. എന്നാലും ജോയ് ആറുമണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി പാലിനായ് കാത്ത് നില്‍പ്പ് തുടങ്ങും.
അത്ര നേരത്തേ പോണ്ട എന്ന് എത്ര പറഞ്ഞാലും ജോയ് കേള്‍ക്കില്ല. അഞ്ചു മണിക്കു തന്നെ ജോയി ഉണരും. എന്നിട്ട് ആറുമണിയാവാന്‍ തലങ്ങും വിലങ്ങും നടക്കും. ഇടക്കിടെ ക്ലോക്കിലേക്ക് നോക്കും.

അമ്മച്ചി പറയും ‘ജോയിമോനെ സമയമായാല്‍ ക്ലോക്കില്‍ ആറ് അടിക്കും’

ജോയ് മറുപടിയൊന്നും പറയില്ല.

ആറടിച്ചാല്‍ ഗ്രില്ല് തുറന്ന് പുറത്ത് എത്തുന്നതു വരെ ജോയിക്കൊരു വെപ്രാളമാണ്.
ഗ്രില്ല് തുറന്ന് കൊടുക്കുമ്പോള്‍ എന്നും അമ്മച്ചി പറയും

‘ജോയി മോനെ…ന്റെ കുട്ടി എന്തിനാ വെറുതേ ഇത്ര നേരത്തേ പോണത്.. അഞ്ചു മിനുട്ടോണ്ട് മോനവിടെ എത്തൂലേ’

ജോയി അതിനും മറുപടിയൊന്നും പറയില്ല.

പുറത്തേക്കിറങ്ങുമ്പോള്‍ എപ്പോഴും വളഞ്ഞകാലുള്ള കുട ജോയിക്ക് കൂട്ടിന് വേണം.കുട പിറകില്‍ ഷര്‍ട്ടിന്റെ കോളറില്‍ തൂക്കി ഇടതു കൈയില്‍ സ്റ്റീലിന്റെ തൂക്കുപാത്രവും പിടിച്ച് നീട്ടിവെച്ച കാലടികളുമായാണ് ജോയിയുടെ പാലിനു വേണ്ടിയുള്ള യാത്ര.

റെയിലിന് അടുത്തെത്തിയാല്‍ ജോയി ഒന്ന് നില്‍ക്കും. തെക്കോട്ടോ വടക്കോട്ടോ അന്നേരത്തൊരു ട്രെയിന്‍ ഉറപ്പാണ്. ട്രെയിന്‍ വരുന്ന പാളം നോക്കി അതിനടുത്തേക്ക് ജോയ് കയറി നില്‍ക്കും. ട്രെയിന്‍ കടന്ന് പോവുമ്പോഴുള്ള കാറ്റ്തൊടുമ്പോള്‍ ജോയിയുടെ ഉള്ളിലൊരു ആനന്ദം വിടരും. അവിടെ നിന്ന് ജോയ് ഉറക്കെയുറക്കെ ചിരിക്കും.ആ കാറ്റിലലിഞ്ഞേ ജോയ് പാല് വാങ്ങാന്‍ പോവൂ.

അന്നും പാട്ടു കേട്ടുള്ള പതിവ് നടത്തത്തിനിടയില്‍ കുട്ടിമോനേട്ടന്റെ വീടിനടുത്ത് വെച്ച് ദൂരെ നിന്നും വരുന്ന ജോയിയെ അയാള്‍ ശ്രദ്ധിച്ചു. പാട്ട് മുറിഞ്ഞ്
ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ ശാലിനി ചോദിച്ചു.
‘ആരാ ഇന്നേരത്ത്..പതിവില്ലാതെ?’
പതിവ് തെറ്റി വരുന്ന കാളുകള്‍ അവളില്‍ ഭയപ്പാടുണ്ടാക്കാറുണ്ട്. ആരുടെയെങ്കിലും മരണമായിരിക്കുമോ ആ വിളിക്ക് പിന്നില്‍ എന്നൊരാന്തല്‍. മഹാമാരിക്ക് ശേഷം ആ ആന്തല്‍ കൂടിയിട്ടുണ്ട്.

ഫോണ്‍ അറ്റന്റ് ചെയ്യുന്നതിനിടയില്‍ ഒരു മിന്നായം പോലെ ജോയ് കടന്ന് പോവുന്നത് ഒരു തോന്നല്‍ പോലെ അയാള്‍ കണ്ടതും
‘അതാ നിങ്ങടെ ജോയ് പോകുന്നു’
എന്ന് ശാലിനി പറഞ്ഞതും ഒന്നിച്ചായിരുന്നു.

അയാള്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു തന്നെ ജോയിയെ തിരിഞ്ഞ് നോക്കി.
ഒരിക്കലും തിരിഞ്ഞ് നോക്കുന്നത് കണ്ടിട്ടില്ലാത്ത ജോയ് അന്നയാളെ തിരിഞ്ഞ് നോക്കുന്നത് കണ്ടപ്പോള്‍
ഫോണിനിടയില്‍ ജോയിയെ വിഷ് ചെയ്തില്ലല്ലോ എന്ന് അയാള്‍ ഓര്‍ത്തു.

‘മുന്നിലേക്ക് നോക്കിനടക്ക് ‘
ശാലിനി ശ്രദ്ധിക്കാനായ് പറഞ്ഞു.

‘ആരായിരുന്നു രാവിലെത്തന്നെ’

ശാലിനിയുടെ ആകാംക്ഷ കെട്ടടങ്ങിയിട്ടില്ലായിരുന്നു.

‘റോംഗ് നമ്പറാണ് ‘ അയാള്‍ മറുപടി പറഞ്ഞു.

‘സംസാരിക്കുന്നത് കേട്ടപ്പോള്‍ തോന്നി’

വളവ് കഴിഞ്ഞ് വീടെത്തിയപ്പോള്‍ ശാലിനി പറഞ്ഞു ‘ഗെയ്റ്റ് അടക്കണേ..’
എല്ലാ കാര്യങ്ങളിലും ശാലിനിക്കൊരോര്‍മ്മപ്പെടുത്തലാണ്, കുട്ടികളോടെന്ന പോലെ.

ശാലിനി ജൂലിയെ കൂട്ടിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത് അയാള്‍ കൗതുകത്തോടെ നോക്കി നിന്നു. പരാജയപ്പെടുകയല്ല ,ജൂലിയുടെ സ്നേഹപ്രകടനങ്ങള്‍ക്ക് ശാലിനി വഴങ്ങി കൊടുക്കുകയാണ്.

ഗെയ്റ്റ് അടക്കാനായ് അയാള്‍ തിരിഞ്ഞു.

അപ്പോള്‍ പിന്നിലതാ…

അയാള്‍ അത്ഭുതപ്പെട്ടു.

ഗെയ്റ്റിനരുകില്‍ ജോയ് വന്ന് നില്‍ക്കുന്നു.

‘ജോയ്..’
അറിയാതെയെന്നോണം ഒരു വിളി അയാളില്‍ നിന്നുയര്‍ന്ന് അന്തരീക്ഷത്തില്‍ ലയിച്ചു.
ജോയിയില്‍ നിന്നും ഒരു പുഞ്ചിരി വിടര്‍ന്ന പോലെ അയാള്‍ക്ക് തോന്നി.
അല്ല, തോന്നലല്ല.
ജോയ് കുര്യന്‍ ചിരിച്ചിരിക്കുന്നു.
പണ്ട് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അനിയനോടൊപ്പം വീട്ടിലേക്ക് വന്ന ജോയ് ചിരിച്ചത് പോലെ.

‘എന്താ ജോയ്…!’ എന്ന് ചോദിക്കാന്‍ തുടങ്ങുന്നതിന് മുമ്പേ ജോയ് നടന്ന് പോവുന്നത് അയാള്‍ കണ്ടു..
അപ്പുറത്തെ സെമിത്തേരിയുടെ വളവ് കടന്ന് പോവുന്നത് വരെ അയാള്‍ ജോയിയെ നോക്കി നിന്നു.
ജോയി തിരിഞ്ഞ് നോക്കുന്നുണ്ടോ..
ഇല്ല,…ജോയി തിരിഞ്ഞ് നോക്കിയില്ല.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!