
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യത്തിന് പരിഹാരം കണ്ട് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ജൂണ്‍ മൂന്ന് ബുധന്‍ മുതല്‍ രണ്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള പഴയ റൂട്ടില്‍ 10 ട്രെയിനുകള്‍ ജൂണ്‍ മൂന്ന് മുതല്‍ സര്‍വീസ് നടത്തുമെന്ന് ബിഎംആര്‍സിഎല്‍ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു. ട്രെയിനുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ തീരുമാനം സഹായിക്കും.
പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം 9 മിനിറ്റില്‍ നിന്ന് മിനിറ്റായി കുറയും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയുമാണ് പീക്ക് സമയമായി കണക്കാക്കുന്നത്.
തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനിറ്റില്‍ നിന്ന് 10 മിനിറ്റായിട്ടും കാത്തിരിപ്പ് സമയം കുറച്ചിട്ടുണ്ട്. എന്നാല്‍ വാരാന്ത്യങ്ങളില്‍ 10 മിനിറ്റ് ഇടവേളയിലായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ആര്‍വി റോഡ്, ബൊമ്മസാന്ദ്ര എന്നീ രണ്ട് ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്നുമുള്ള ആദ്യത്തെയും അവസാനത്തെയും ട്രെയിന്‍ പുറപ്പെടല്‍ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.
2025 ഓഗസ്റ്റ് മാസത്തില്‍ പ്രവര്‍ത്തനാമാരംഭിക്കുമ്പോള്‍ വെറും മൂന്ന് ട്രെയിനുകളായിരുന്നു യെല്ലോ ലൈനില്‍ ഉണ്ടായിരുന്നത്. അവിടെ നിന്നും മാസങ്ങള്‍ പിന്നിടുമ്പോള്‍ പത്ത് ട്രെയിനുകള്‍ എന്ന നിര്‍ണായക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാത. ഇതില്‍ 9 ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുക, ഒരു ട്രെയിന്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി മാറ്റിവെക്കും.
ടെക് ഹബ്ബായ ഇലക്ട്രോണിക് സിറ്റിയെയും തെക്കന്‍ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഈ പാതയില്‍ ട്രെയിനുകള്‍ക്കായി ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നത് യാത്രക്കാരെ നിരാശരാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ട്രെയിനുകളുമായി ബിഎംആര്‍സിഎലിന്റെ വരവ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





