ഹെയ്തിയെ വീഴ്ത്തിയ സ്‌കോട്ട്ലന്‍ഡ്; ഗ്രൂപ്പില്‍ ഒന്നാമത്

ബോസ്റ്റണ്‍: സ്‌കോട്ട്‌ലന്‍ഡിന് ലോകകപ്പില്‍ ആദ്യ ജയം. ഹെയ്തിയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് സ്‌കോട്ടിഷുകാര്‍ ആദ്യ ജയം സ്വന്തമാക്കിയത്. ജയത്തോടെ ബ്രസീല്‍ ഉള്‍പ്പെട്ട ഗ്രൂപ്പ്’സി’യില്‍ സ്‌കോട്ട്‌ലന്‍ഡ് ഒന്നാമതെത്തി. മത്സരത്തിന്റെ 28-ാം മിനിറ്റില്‍ ജോണ്‍ മക്ഗിനാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തില് സ്‌കോട്ടിഷുകാരാണ് കളം നിറഞ്ഞു കളിച്ചത്. പിന്നാലെ ഹെയ്തിയും മത്സരത്തിലേക്ക് തിരിച്ചെത്തി. 16-ാം മിനിറ്റില്‍ സ്‌കോട്ടിഷ് താരം മക്ടോമിന തൊടുത്ത മനോഹരമായ ഒരു കര്‍വിങ് ഷോട്ട് ഗോള്‍ കീപ്പറെയും മറികടന്ന് പോസ്റ്റിലിടിച്ച് തെറിച്ചു. കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഹെയ്തിയും സ്‌കോട്ടിഷുകാരെ പരീക്ഷിച്ചു. 28-ാം മിനിറ്റില്‍ വിങ്ങര്‍ ഗാനന്‍ ഡോക് നടത്തിയ മികച്ചൊരു മുന്നേറ്റമാണ് ഗോളിലെത്തിയത്.

ഗാനന്‍ ഡോക് നല്‍കിയ ക്രോസ്, ക്ലോസ് റേഞ്ചില്‍നിന്ന് ചേ ആദംസ് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഹെയ്തി ഗോള്‍ക്കീപ്പര്‍ ജോണി പ്ലാസിഡ് തടഞ്ഞിട്ടു. എന്നാല്‍ റീ ബൗണ്ട് പന്ത് ചെന്നുവീണത് മക്ഗിന്നിന്റെ മുന്നിലായിരുന്നു. ഒട്ടും വൈകാതെ താരം പന്ത് വലയിലാക്കി. വാര്‍ പരിശോധനക്കുശേഷമാണ് ഗോള്‍ സ്ഥിരീകരിച്ചത്. 1-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്.

രണ്ടാം പകുതിയിലും സമനില ഗോളിനായുള്ള ഹെയ്തിയുടെ മുന്നേറ്റങ്ങളെല്ലാം സ്‌കോട്ടിഷുകാര്‍ പ്രതിരോധിച്ചു. 84-ാം മിനിറ്റില്‍ ഹെയ്റ്റി താരം ഫ്രാന്റ്‌സ്ഡി പിയറോട്ടിന് ലഭിച്ച മികച്ചൊരു ഹെഡ്ഡര്‍ അവസരം പോസ്റ്റിന് പുറത്തേക്ക് പോയി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ റൂബന്‍ പ്രൊവിഡന്‍സ് തൊടുത്ത ഷോട്ടുകള്‍ സ്‌കോട്ടിഷ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ഒടുവില്‍ 1-0ത്തിന് മത്സരം അവസാനിച്ചു.

ജയത്തോടെ സ്‌കോട്ടിഷുകാര്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യതയും സജീവമാക്കി. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ബ്രസീലും മൊറോക്കോയും 1-1 ന് സമനിലയില്‍ പിരിഞ്ഞിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top