
ഡാളസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വിരാമം. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതോടെയാണ് ക്രിസ്റ്റിയാനോ ലോകകപ്പ് ഇല്ലാതെ കരിയര്‍ അവസാനിപ്പിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ മികേല്‍ മെറീനോ ഇഞ്ചുറി സമയത്ത് നേടിയ ഗോളാണ് സ്‌പെയ്‌നിനെ ക്വാര്‍ട്ടറിലെത്തിച്ചത്. ഈ ഗോള്‍ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ലോകകപ്പ് പ്രതീക്ഷകളെ പൂര്‍ണമായും തകര്‍ത്തു.
മത്സരശേഷം വികാരാധീനനായി റൊണാള്‍ഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ആരാധകര്‍ക്ക് നോവായി. തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇതെന്ന് 41കാരനായ റൊണാള്‍ഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു തോൽവിയോടെ ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വന്നതിൽ സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കരിയറിലെ അവസാന ലോകകപ്പ് ആയിരുന്നു ഇത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പോലുള്ള തീരുമാനങ്ങൾ ഇപ്പോൾ എടുക്കുന്നില്ല. നിലവിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് തീരുമാനമെന്നും ടീമിന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ പെട്ടെന്ന് തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നില്ലെന്നും റൊണാൾഡോ വ്യക്തമാക്കി.
പോർച്ചുഗലിനായി 2016 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും 2019, 2025 വർഷങ്ങളിൽ നേഷൻസ് ലീഗും നേടിക്കൊടുത്ത റൊണാൾഡോ, ദേശീയ ടീമിനായുള്ള തന്റെ സംഭാവനകളിൽ അഭിമാനമുണ്ടെന്ന് അറിയിച്ചു. പോർച്ചുഗൽ ചരിത്രത്തിൽ നേടിയ മൂന്ന് കിരീടങ്ങളും തന്റെ കാലഘട്ടത്തിലാണെന്നും അതിൽ 2016 ലെ യൂറോ കപ്പ് വിജയം ലോകകപ്പ് നേട്ടത്തോളം വലുതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
2006-ൽ ജർമ്മനിയുടെ മണ്ണിൽ ആദ്യമായി ബൂട്ടണിഞ്ഞ്, തുടർച്ചയായ ആറ് വിശ്വകപ്പുകളിൽ പോർച്ചുഗലിന്‍റെ സിരയായി മാറിയ ആ ഏഴാം നമ്പർ ഇതിഹാസം ഒടുവിൽ കണ്ണീരോടെയാണ് ആ ഫുട്ബോൾ രാജകുമാരൻ ലോകകപ്പിന്‍റെ വേദിയിൽ നിന്ന് പടിയിറങ്ങുന്നത്.
91-ാം മിനിറ്റിലാണ് മികേല്‍ മെറീനോ സ്‌പെയ്‌നിന് ജയം സമ്മാനിക്കുന്നത്. ബോക്‌സിനുള്ളില്‍ നിന്ന് മെറിനോ തൊടുത്ത മനോഹരമായ ഇടങ്കാലന്‍ ഷോട്ട് പോര്‍ച്ചുഗല്‍ വലയില്‍ പതിക്കുകയായിരുന്നു. വിരസമായ 90 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു വിജയഗോള്‍. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ശ്രമിച്ച സ്‌പെയിനിന് ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടാന്‍ സുവര്‍ണ്ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ഒയാര്‍സബാലിന് മുതലാക്കാനായില്ല.
പരിക്കേറ്റതിനെത്തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ പ്രധാന പ്രതിരോധതാരം നൂനോ മെന്‍ഡസിനെ മത്സരത്തിനിടയില്‍ പിന്‍വലിക്കേണ്ടി വന്നത് പോര്‍ച്ചുഗല്‍ നിരയ്ക്ക് വലിയ തിരിച്ചടിയായി. ഇത് ടീമിന്റെ പ്രതിരോധഘടനയെ ദുര്‍ബലപ്പെടുത്തി. ഈ വിജയത്തോടെ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ബെല്‍ജിയം – യുഎസ്എ മത്സരത്തില്‍ വിജയിക്കുന്നവരുമായി സ്‌പെയിന്‍ ഏറ്റുമുട്ടും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




