
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും നടനുമായ പി ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞവര്‍ഷം മകന്‍ മനോജ് ഭാരതിരാജയുടെ അകാല വിയോഗത്തെ തുടര്‍ന്ന് അദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നു കഴിഞ്ഞുവന്നിരുന്നത്.
സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ ഭാരതി രാജ തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലേക്ക് ,ഗ്രാമീണ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട വിപ്ലവകാരിയായ സംവിധായകന്‍ എന്നാണ് അറിയപ്പെടുന്നത്.
1977ല്‍ രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചത്. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജ സ്വന്തമാക്കിയിരുന്നു.
തൊട്ടടുത്ത വര്‍ഷം അദേഹത്തിന്റെതായി പുറത്തുവന്ന ചിത്രമായിരുന്നു കിഴക്കേ പോകും റെയില്‍ . അതേ വര്‍ഷം തന്നെ സിഗപ്പ് റോജാക്കള്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പുതിയ വാര്‍പ്പുകള്‍, നിറം മാറാത്ത പൂക്കള്‍, റെഡ് റോസ്, വാലിബമേ വാ വാ, മന്‍ വാസനൈ, പുതുമൈ പെണ്ണ്, നിഴല്‍ഗള്‍, അലൈകള്‍ ഒയ്വതല്ലൈ, ടിക് ടിക് ടിക്, കാതല്‍ ഓവിയം, കിഴക്ക് ചീമയിലെ തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. കൂടാതെ ഇരുപത്തിയൊന്നോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ അഭിനയിച്ചിരുന്നു.
2004ല്‍ അദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ആറ് തവണ ദേശീയ പുരസ്‌കാരങ്ങളും ഭാരതി രാജയ്ക്ക് ലഭിച്ചു. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ ചന്ദ്രലീലാവതി, മകള്‍ ജനനി രാജ്കുമാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




