
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് നടപടി. കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി.
രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് നിയന്ത്രണം ബാധകമാകുക. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരും. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയ്ക്ക് രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ ചുരത്തിലൂടെ കടന്നുപോകാൻ അനുമതി ഉണ്ടായിരിക്കില്ല. അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ തുടങ്ങിയ ചെറിയ മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് അടിയന്തര മെഡിക്കൽ വാഹനങ്ങൾ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങൾ, സായുധ സേനകൾ, കേന്ദ്ര പാരാമിലിട്ടറി, കേരള പോലീസ് എന്നിവരുടെ വാഹനങ്ങൾ, ജില്ലാ കളക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
ചുരത്തിന്റെ ഇരുവശങ്ങളിലും വയനാട് പോലീസുമായി സഹകരിച്ച് 24 മണിക്കൂറും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരവും, 1988-ലെ മോട്ടോർ വാഹന നിയമപ്രകാരവും കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് കളക്ടർ വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




