എംഎൽഎ പി.എം.എ. സമീറിന്റെ ഇടപെടൽ ഫലം കണ്ടു; തിരൂരങ്ങാടിക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസും സബ് ആർ.ടി.ഒ ഓഫീസിലേക്ക് 5 പുതിയ തസ്തികകളും അനുവദിച്ചു

തിരൂരങ്ങാടി നിയോജക മണ്ഡലത്തിന്റെ ഗതാഗത മേഖലയിലെ രണ്ട് സുപ്രധാന ആവശ്യങ്ങൾക്ക് പരിഹാരമായി എം.എൽ.എ പി.എം.എ. സമീറിന്റെ ഇടപെടലിനെ തുടർന്ന് പുതിയ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കുകയും തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിലേക്ക് അഞ്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി നിരന്തരമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഈ രണ്ട് സുപ്രധാന തീരുമാനങ്ങളും ഉണ്ടായതെന്ന് എം.എൽ.എ അറിയിച്ചു.

പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് കടലുണ്ടിയിൽ നിന്ന് സർവീസ് ആരംഭിച്ച് പരപ്പനങ്ങാടി, ചെമ്മാട്, തിരൂരങ്ങാടി, കക്കാട് വഴി മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. മടക്കയാത്രയും ഇതേ റൂട്ടിലായിരിക്കും. ബസിന്റെ റൂട്ട് ഷെഡ്യൂൾ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലത്തിന് നേരത്തെ ഒരു കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചതിന് പിന്നാലെയാണ് എം.എൽ.എ സമർപ്പിച്ച പുതിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ബസ് കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന സർവീസായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, മാസങ്ങളോളം നീണ്ടുനിന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റിനും ലേണിംഗ് ലൈസൻസ് ടെസ്റ്റിനുമുള്ള കാത്തിരിപ്പിന് വലിയ ആശ്വാസമായാണ് തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിലേക്ക് അഞ്ച് പുതിയ തസ്തികകൾ അനുവദിച്ചത്. എം.എൽ.എ പി.എം.എ. സമീറിന്റെ ഇടപെടലിനെ തുടർന്നാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്.

പുതുതായി രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയും (MVI), മൂന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയും (AMVI) നിയമിച്ചിട്ടുണ്ട്. ഇതോടെ രണ്ട് അധിക ഡ്രൈവിംഗ് ടെസ്റ്റ് ബാച്ചുകൾ കൂടി നടത്താൻ സാധിക്കുകയും അപേക്ഷകർക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കാൻ കഴിയുകയും ചെയ്യും.

പുതിയ നിയമനങ്ങളോടെ തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിൽ ആകെ നാല് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഏഴ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും സേവനമനുഷ്ഠിക്കുന്ന സാഹചര്യമാകും. ഇത് ഡ്രൈവിംഗ് ടെസ്റ്റിനും ലേണിംഗ് ലൈസൻസ് ടെസ്റ്റിനുമുള്ള ദീർഘകാല കാത്തിരിപ്പിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങൾക്കും കോട്ടക്കൽ മണ്ഡലത്തിന്റെ ചില ഭാഗങ്ങൾക്കും സേവനം നൽകുന്ന തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസ് ജില്ലയിലെ ഏറ്റവും തിരക്കേറിയ ഓഫീസുകളിൽ ഒന്നാണ്. വേങ്ങര, തേഞ്ഞിപ്പാലം, തിരൂരങ്ങാടി, പരപ്പനങ്ങാടി, കോട്ടക്കൽ എന്നീ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിലെ ആയിരക്കണക്കിന് വാഹന ഉടമകളും അപേക്ഷകരും ഈ ഓഫീസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ജീവനക്കാരുടെ അപര്യാപ്തത മൂലം സേവനങ്ങൾ വൈകുന്നതും ഡ്രൈവിംഗ് ടെസ്റ്റിനും ലേണിംഗ് ടെസ്റ്റിനുമായി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതും സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഈ വിഷയങ്ങൾ ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഇടപെടലുകൾ നടത്തിയതിന്റെ ഫലമായാണ് അധിക തസ്തികകൾ അനുവദിക്കപ്പെട്ടതെന്നും എം.എൽ.എ അറിയിച്ചു.
ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനും ഇനിയും ആവശ്യമായ ഇടപെടലുകൾ തുടരുമെന്ന് എം.എൽ.എ പി.എം.എ. സമീർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top