ചരിത്ര രേഖകളും സാംസ്‌കാരിക പൈതൃകങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ഒ ജെ ജനീഷ്

ചരിത്ര രേഖകളും സാംസ്‌കാരിക പൈതൃകങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പുരാരേഖ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. ഇതിന് സര്‍ക്കാര്‍ പിന്‍തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന പുരാരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ലിപികള്‍, താളിയോലകള്‍, ശിലായുഗ ലിഖിതങ്ങള്‍, ശാസനങ്ങള്‍ മുതല്‍ ഡിജിറ്റല്‍ രേഖകളുടെ കാലഘട്ടം വരെ മനുഷ്യ സംസ്‌കാരത്തിന്റെ പരിണാമ ചരിത്രം വ്യക്തമാക്കുന്ന രേഖകളെ വരും തലമുറക്കായി സംരക്ഷിക്കേണ്ടതാണ്. പഴയ തലമുറകളുടെ ജീവിതശൈലിയും സാമൂഹിക സാഹചര്യങ്ങളും വെളിപ്പെടുത്തുന്ന പ്രാചീന രേഖകള്‍ മനുഷ്യവംശത്തിന്റെ പരിണാമത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. ആശയവിനിമയത്തിന്റെ വളര്‍ച്ചയും സാംസ്‌കാരിക-ചരിത്ര പാരമ്പര്യവും പുരാരേഖകള്‍ വഴി തലമുറകളിലേക്ക് കൈമാറപ്പെടണം, ഡിജിറ്റല്‍ യുഗത്തില്‍ രേഖസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

നീതിക്കായുള്ള പുരാരേഖകള്‍ : അവകാശങ്ങള്‍, ഓര്‍മ, ഭാവി എന്നതാണ് ഈ വര്‍ഷത്തെ ആര്‍ക്കൈവ്സ് വാരാഘോഷത്തിന്റെ പ്രമേയം. സാമൂഹിക വികാസത്തിന്റെ ഭാഗമായി എഴുത്തുകളുടെയും രേഖകളുടെയും ശേഖരണവും സംരക്ഷണവും ഉറപ്പാക്കുന്നതിനായാണ് ദിനാചരണം. ലോകമെമ്പാടുമുള്ള ആര്‍ക്കൈവുകളുടെ പ്രവര്‍ത്തനങ്ങളും അവയുടെ സാമൂഹിക പ്രസക്തിയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം.

വാര്‍ഡ് കൗണ്‍സിലര്‍ ഷേര്‍ളി എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടര്‍ പാര്‍വതി എസ് സ്വാഗതം ആശംസിച്ചു. സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി രജനി എം, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടര്‍ പി. എന്‍. മഞ്ജുളാദേവി, കെ സി എച്ച് ആര്‍ ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള, സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ. ജെറോം അല്‍ഫോന്‍സ്, പ്രിന്‍സിപ്പല്‍ ഡോ. സുനില്‍കുമാര്‍ മോറായിസ് സി, ഹെഡ്മാസ്റ്റര്‍ നിധീഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകളറിയിച്ചു. ആര്‍ക്കിവിസ്റ്റ് നിജ ആര്‍. നന്ദി അറിയിച്ചു. പരിപാടിയുടെ ഭാഗമായി ആര്‍ക്കൈവ്സ് മേഖലയിലെ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചു. ചരിത്ര ക്വിസ് മല്‍സര വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Share news
error: Content is protected !!
Scroll to Top