അതിതീവ്ര മഴ ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേർട്ടുള്ള വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലാണ് അവധി.

മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 9 മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി. പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ടതാണ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 9 വ്യാഴം കോഴിക്കോട് ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി  അവധി പ്രഖ്യാപിച്ചു. സര്‍വകലാശാല പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ല.

വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 9 വയനാട് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾ, റസിഡൻഷൽ കോളേജുകൾക്ക് അവധി ബാധകമല്ല.

Share news
error: Content is protected !!
Scroll to Top