കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് തുടക്കമായി;ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. മന്ത്രിമാരും സംഘവും തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ സഞ്ചരിച്ചു. ഉദ്ഘാടന സര്‍വീസില്‍ കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ബസ് ഓടിച്ചത്. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍യാത്ര ചെയ്തു.

ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭിക്കുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിക്കും.

Share news
error: Content is protected !!
Scroll to Top