ദുരിതാശ്വാസനിധിയിലേക്ക് ഗവര്‍ണര്‍ ഒരു മാസത്തെ ശമ്പളം കൈമാറി

പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവര്‍ണര്‍ പി. സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി. രാജ്ഭവനില്‍വെച്ച് ചീഫ് സെക്രട്ടറി ടോം ജോസിന് ഗവര്‍ണര്‍ 2,50,000 രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. നേരത്തെ ആഗസ്റ്റ് 14ന് ഗവര്‍ണര്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് സംസ്ഥാനത്ത് ഉന്നത ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്  നല്‍കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
പുനരധിവാസപ്രവര്‍ത്തനങ്ങളുടെ ജില്ല തിരിച്ചുള്ള പുരോഗതി ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ധരിപ്പിച്ചു. സര്‍ക്കാര്‍ ചെയ്യുന്ന നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. യു.എ.ഇ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് സഹായവാഗ്ദാനം ലഭിച്ചാല്‍ അത് സ്വീകരിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം ഗവര്‍ണറോടഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന ഫലപ്രദമായ നടപടികളില്‍ ഗവര്‍ണര്‍ സന്തുഷ്ടി രേഖപ്പെടുത്തി.
കഴിഞ്ഞദിവസം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും സന്ദര്‍ശിച്ച് കേരളത്തിലെ സ്ഥിതി വിശദീകരിച്ചിരുന്നു. ആദ്യഘട്ട സഹായമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.

Related Articles