
ഓമശേരി : കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. വെളിമണ്ണ ഏലിയമ്പ്ര മലയില്‍ ലക്ഷ്മി (70) യ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ ഇവരുടെ കൈയ്ക്കും തലയ്ക്കും ഗുരുതരമായ പരിക്കേറ്റു. തിങ്കള്‍ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വെളിമണ്ണയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലക്ഷ്മിയെ പന്നി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഉടന്‍ താമരശേരി താലുക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അംഗീകൃത ഷൂട്ടര്‍ തങ്കച്ചന്‍ കുന്നുംപുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വനപാലകരുടെ നിര്‍ദേശപ്രകാരം പന്നിയെ വെടിവച്ചു കൊന്നു.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിലിറങ്ങി വിളകള്‍ നശിപ്പിക്കുന്നതിനപ്പുറം മനുഷ്യര്‍ക്കു നേരെയും ആക്രമണമുണ്ട്. ആറു മാസം മുമ്പും സമാനമായ രീതിയില്‍ ആക്രമണമുണ്ടായിരുന്നു.
പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൃഷിനാശം തടയുന്നതിനുമായി വനം വകുപ്പും തദ്ദേശ ഭരണവും പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




