
തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സിപിഎം വൻ പ്രക്ഷോഭത്തിലേക്ക്. ജില്ലാ – ഏരിയ കേന്ദ്രങ്ങളിൽ ജൂൺ നാലിന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. രാജ്യത്ത് ഇന്ധനവില വലിയ തോതിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ മെയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പെട്രോൾ, ഡീസൽ വില കൂട്ടിയത്. ഏഴര രൂപയുടെ വർദ്ധനവാണ് ഈ ദിവസങ്ങളിൽ മാത്രം ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്ര ഗവൺമെന്റ് ഇന്ധന നികുതി കുത്തനെ ഉയർത്തിയത്. അന്താരാഷ്ട്ര വില കുറഞ്ഞത് ജനങ്ങൾക്ക് ഗുണകരമാകരുത് എന്ന ക്രൂരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇപ്പോൾ ക്രൂഡ് ഓയിൽ വില വർദ്ധനവിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ മേൽ അധിക ഭാരം ഏൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർദ്ധനവിലൂടെ മാത്രം ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവെച്ച് കന്റോൺമെന്റ് ഹൗസിൽ നിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്യുകയായിരുന്നു സതീശൻ. എന്നാൽ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ കേന്ദ്രം വില വർദ്ധിപ്പിച്ചിട്ടും മൗനിയായി തുടരുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ 2018-ൽ ഇത്തരത്തിൽ ഇന്ധനവില കൂടിയപ്പോൾ ലഭിച്ച അധിക വരുമാനം എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വച്ചിരുന്നു എന്ന കാര്യവും ജനങ്ങൾ ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങളെ ബാധിക്കുന്ന ഇന്ധനവുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ ഇപ്പോൾ പുറത്തിറക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ പോലും ഉൾപ്പെടുത്താൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരക്ഷരം പറയാൻ ഈ സർക്കാർ തയ്യാറായില്ല. കേന്ദ്ര നയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ കാര്യമാണ് ഇപ്പോള്‍ വിലക്കയറ്റത്തിന് കാരണമായി കേന്ദ്രം പറയുന്നത്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കേണ്ട മുന്‍കരുതലുകളൊന്നും സ്വീകരിക്കാത്തതാണ് പ്രതിസന്ധി കൂടുതല്‍ വളര്‍ത്തിയത്. അമേരിക്കയ്ക്ക് കീഴടങ്ങിയ ഇന്ത്യയുടെ നയവും ഇതിന് കാരണമായിട്ടുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക തടസ്സം നിന്നപ്പോള്‍ അതനുസരിച്ചാണ് കേന്ദ്രം നിലകൊണ്ടത്. ഇതാണ് സ്ഥിതിവിശേഷങ്ങള്‍ ഗുരുതരമാക്കിയത്.
ഇന്ധനത്തിന് പുറമെ എല്‍പിജിയുടെ വില വര്‍ദ്ധനവും വലിയ തോതിലായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ 4 മാസം കൊണ്ട് 1,544 രൂപയാണ് വര്‍ദ്ധിച്ചത്. ഈ വില വര്‍ദ്ധനവ് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വലിയ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ടാക്‌സി, ഓട്ടോ, ചരക്ക് ഗതാഗത മേഖലകളെയും ഇത് വല്ലാതെ ബാധിച്ചു കഴിഞ്ഞു. സ്വകാര്യ ബസ് സര്‍വീസ് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇന്ധന വില കൂടിയതോടെ വിപണിയില്‍ ആവശ്യവസ്തുക്കളുടെ വിലയും വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്താകമാനം വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്.
ഗാര്‍ഹിക സിലിണ്ടറിന്റെ വില മാര്‍ച്ച് മാസത്തില്‍ 60 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. നിലവില്‍ സിലിണ്ടറുകളുടെ ലഭ്യതയിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മുന്‍പ് ബിജെപി സര്‍ക്കാര്‍ പറഞ്ഞിരുന്നത് ഗാര്‍ഹിക സിലിണ്ടറിന്റെ സബ്സിഡി എടുത്തുമാറ്റി അത് നേരിട്ട് അക്കൗണ്ടില്‍ ലഭ്യമാക്കും എന്നായിരുന്നു. എന്നാല്‍ അത്തരമൊരു സ്ഥിതിവിശേഷവും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





