ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി പരാതികള്‍ പരിഹരിക്കണം: മന്ത്രി കെ മുരളീധരന്‍

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. എംഎല്‍എമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന് ശബരിമലതീര്‍ഥാടന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീര്‍ഥാടനത്തിന് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിക്കണം. കോടിക്കണക്കിന് ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നതില്‍ വിട്ടുവീഴ്ച പാടില്ല. കഴിഞ്ഞ വര്‍ഷത്തെ പോരായ്മകള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണം. കഴിഞ്ഞ തീര്‍ഥാടന കാലത്തിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുളള അമിത തിരക്ക് നിയന്ത്രിക്കാനും പോലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ചില തീര്‍ഥാടകര്‍ക്ക് പന്തളത്ത് വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായത് ഒഴിവാക്കണം.

കഴിഞ്ഞ തവണ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ഥാടനം ആരംഭിച്ചതിനാല്‍ വേണ്ടത്ര ഒരുക്കങ്ങള്‍ക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ വളരെ നേരത്തെ തന്നെ കാര്യങ്ങളില്‍ വ്യക്തത വരുത്തി മുന്നോട്ടുപോകാന്‍ സാധിക്കണം. തീര്‍ഥാടനത്തിന്റെ തുടക്കം മുതല്‍ തന്നെ റോഡുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കണം. ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം പൂര്‍ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വലിയ വാഹനങ്ങളില്‍ ബുക്ക് ചെയ്ത് വരുന്ന തീര്‍ഥാടകരെ നിലക്കലില്‍ ഇറക്കിവിടുന്നത് മൂലം അവര്‍ക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ പരിഗണനയിലാണ്. ഇത്തരം വാഹനങ്ങളെ പമ്പയിലേക്ക് നേരിട്ട് വിടുന്ന കാര്യത്തില്‍ പോലീസുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും.

ശബരിമല തീര്‍ഥാടനത്തിന്റെ പൂര്‍ണ ചുമതല ദേവസ്വം ബോര്‍ഡിനാണെങ്കിലും ഇതില്‍ സംസ്ഥാന സര്‍ക്കാരിനാണ് വലിയ ഉത്തരവാദിത്തമുള്ളതെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭക്തര്‍ ഇത്തവണ എത്താന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. തയ്യാറെടുപ്പുകള്‍ കൂടുതല്‍ ഊര്‍ജിതമായി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ തന്നെ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി, എംഎല്‍എ മാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, എം ജെ സെബാസ്റ്റ്യന്‍, സി വി ശാന്തകുമാര്‍, കെ യു ജെനിഷ് കുമാര്‍, വര്‍ഗീസ് മാമന്‍, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, പത്തനംതിട്ട കളക്ടര്‍ എ നിസാമുധീന്‍, പത്തനംതിട്ട പോലീസ് സൂപ്രണ്ട് ആര്‍ ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top