കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റിലെ കായിക കോഴ്‌സുകൾ: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റിലെ കായിക കോഴ്‌സുകൾ: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2026 – 27 അധ്യയന വര്‍ഷത്തെ പൊതു പ്രവേശന പരീക്ഷയിലുൾപ്പെട്ട ( CUCET – 2026 ) എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർക്ക് കാറ്റഗറി, ജനന തീയതി എന്നിവയിൽ തിരുത്തലുകളുണ്ടെങ്കിൽ ജൂലൈ 06-ന് രാവിലെ 10.00 മണിക്ക് മുൻപായി cucet@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷയുടെ പകർപ്പ്, ആവശ്യമായ മറ്റ് രേഖകൾ എന്നിവ സഹിതം അറിയിക്കണം. പിന്നീട് ആവശ്യപ്പെടുന്ന തിരുത്തലുകൾ സ്വീകരിക്കുന്നതല്ല. ഫോൺ : 0494 2660600, 2407017, 2407016.

എം.ബി.എ. പ്രവേശനം ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും

കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പ്, സർവകലാശാലയുടെ  അഞ്ച് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സെന്ററുകൾ എന്നിവടങ്ങളിലെ 2026 – 27 അധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള രണ്ടാം ഘട്ട ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും ജൂലൈ 07-ന് നടക്കും. റോൾ നമ്പർ 26217 മുതൽ 26259 വരെയുള്ളവർ രാവിലെ 10.00 മാണിക്കും റോൾ നമ്പർ 26260 മുതൽ 26302 വരെയുള്ളവർ ഉച്ചക്ക് 02.00 മണിക്ക് ഹാജരാകണം. കേന്ദ്രം : കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. അർഹരായവരുടെ പട്ടിക വെബ്‌സൈറ്റിൽ.

സസ്‌പെൻഡ് ചെയ്തു

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിലെ മൂന്നാം വർഷ ബി.പി.ഇ.എസ്. വിദ്യാർഥികളായ പി. അഭിജിത്ത്, ശ്രീഹരി, അബനീഷ് ചക്രവർത്തി, അർജുൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. സ്പോർട്സ് ഹോസ്റ്റലിൽ താമസിക്കുന്ന ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്‌തെന്ന പരാതിയിലാണ് നടപടി. 10 ദിവസത്തേക്ക് സർവകലാശാലാ ക്യാമ്പസിലും സ്പോർട്സ് ഹോസ്റ്റലിലും പ്രവേശിക്കുന്നതിന് ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആന്റി – റാഗിങ് കമ്മിറ്റി വിശദാന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കും. ക്യാമ്പസിൽ റാഗിങിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു.

സർവകലാശാലയിൽ ഖവാലി സദസ്

കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി ക്ഷേമ വകുപ്പ് സ്പിക് – മാകെയുമായി ( SPIC – MACAY ) സഹകരിച്ച് സൂഫി ഖവാലി സംഘടിപ്പിക്കുന്നു. പ്രശസ്ത ഖവാലി ഗായകൻ ഉസ്താദ് ഇനായത്ത് അലി ഖാൻ ബന്ദനവാസിയുടെ ( ഹൈദരാബാദ് ) നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് സർവകലാശാലയിലെത്തുന്നത്. ജൂലൈ 06-ന് ( തിങ്കൾ ) വൈകിട്ട് 05.30-ന് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി.

ഇ.എം.എസ്. ചെയറിൽ പുസ്തക പ്രകാശനവും സെമിനാറും

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയറിൽ ജൂലൈ 16-ന് ഇ.എം.എസ്സിന്റെ “മാർക്സിസവും മലയാള സാഹിത്യവും” എന്ന ലേഖന സമാഹാരത്തിന്റെ ഗോൾഡൻ ലെഗസി എഡിഷൻ പ്രകാശനം ചെയ്യും. ഇതോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ 14-ന് വൈകീട്ട് 04.00 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ : 7907077970, ഇ – മെയിൽ ഐ.ഡി. : emschair@gmail.com .

ന്യൂഡല്‍ഹിയില്‍ ലെയ്സൺ ഓഫീസർ നിയമനം

ന്യൂഡല്‍ഹിയില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി പ്രവർത്തിക്കുന്നതിനുള്ള ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ പ്രാവീണ്യം. ന്യൂഡൽഹിയിലെ സർക്കാർ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയം അഭികാമ്യം. പ്രായപരിധി ഇല്ല. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 20 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

തൃശ്ശൂർ ജോൺ മത്തായി സെന്ററിൽ ഫുൾ ടൈം സ്വീപ്പർ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ പുരുഷ ഹോസ്റ്റലിലേക്ക് ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിനായി പ്രദേശവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എഴുതാനും വായിക്കാനും ഉള്ള അറിവ്. പ്രായപരിധി : 01.01.2026-ന് 40 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്, സർവകലാശാലയിൽ ദിവസവേതന / കരാറടിസ്ഥാനത്തിൽ ജോലി ചെയ്തവർക്ക് അവര്‍ ജോലി ചെയ്ത കാലയളവിന് ആനുപാതികമായ വയസിളവ് ( 60 വയസ് കവിയുന്നില്ല എന്ന നിബന്ധനക്ക്‌ വിധേയമായി) ലഭിക്കും). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശദമായ വിജ്ഞാപനം ജോണ്‍ മത്തായി സെന്റർ, തൃശ്ശൂർ കോർപറേഷൻ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ ലഭ്യമാണ്.

കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ എസ്.സി. / എസ്.ടി. സംവരണ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് ( 2026 പ്രവേശനം ) പ്രോഗ്രാമിന് എസ്.സി. / എസ്.ടി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ട എസ്.സി. / എസ്.ടി. വിഭാഗക്കാരിൽ താത്പര്യമുള്ളവർ ജൂലൈ 06-ന് മതിയായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.

പ്രാക്ടിക്കൽ പരീക്ഷ

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. അറബിക് ( CBCSS – SDE ) ഏപ്രിൽ 2025, ഏപ്രിൽ 2026 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ (ARABIC ENABLED ICT IN ACADEMIC WRITING) ജൂലൈ 13-ന് നടക്കും. കേന്ദ്രം : പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി ( CBCSS – 2021 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി (2012 പ്രവേശനവും അതിന് മുൻപുള്ളതും – ന്യൂമെറിക്കൽ) സെപ്റ്റംബർ 2024, (2019 പ്രവേശനം) സെപ്റ്റംബർ 2024, (2020 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 06 മുതൽ അപേക്ഷിക്കാം. പരീക്ഷാർഥികൾക്ക് ഹാൾടിക്കറ്റ് സഹിതം സർവകലാശാലയിൽ നേരിട്ടെത്തി മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് (CCSS – 2021, 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top