
തിരൂരങ്ങാടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതിയ അധ്യയന വര്‍ഷത്തെ ആവേശപൂര്‍ണ തുടക്കമാക്കി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ”പഠനവും പാട്ടും കളിയും നിറഞ്ഞ വിദ്യാലയം” എന്ന സര്‍ക്കാറിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആശയത്തെ ഉള്‍ക്കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പാണ് സ്‌കൂളില്‍ ഒരുക്കിയത്.
പ്രവേശനോത്സവം തിരൂരങ്ങാടി മണ്ഡലം എം.എല്‍.എ പി.എം.എ സമീര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.കെ. ബാവ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്ന അന്തരീക്ഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ സി.എച്ച്. മഹ്മൂദ് ഹാജി, പ്രിന്‍സിപ്പാള്‍ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റര്‍ കെ.കെ. ഉസ്മാന്‍, കൗണ്‍സിലര്‍മാരായ കെ.ടി.ഷാഹുല്‍ ഹമീദ്, റബിയത്ത് പള്ളിയാളി, പി.ടി.എ പ്രസിഡന്റ് റഷീദ് കാരാടന്‍, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, റഫീഖ് പാറക്കല്‍,സമീന മൂഴിക്കല്‍, നൗഫല്‍ തടത്തില്‍, മുസ്തഫ ചെറുമുക്ക്, വി. ഹംസക്കോയ, നസ്‌റു ള്ള ഷെരിഫ്,ടി. മുഹമ്മദ് സാലിം,എ.ടി. സൈനബ, എം.സുഹൈല്‍, കെ.വി. സാബിറ, യു.ടി. അബൂബക്കര്‍, എം.പി. അലവി,പി.ഇസ്മായില്‍, പി.അബ്ദുല്‍ ജലീല്‍, എം.മുഹമ്മദ് ഷാഫി,മുനീര്‍ താനാളൂര്‍,പി.വി.ഹുസൈന്‍ പി.ഫഹദ് എന്നിവര്‍ സംസാരിച്ചു.
പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്തു. കലാപരിപാടികളും സ്വീകരണ ഗാനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ പരിസരം വര്‍ണാഭമായി അലങ്കരിച്ചിരുന്നു.





