Section

malabari-logo-mobile

സീറോ ഗ്രാവിറ്റി) വിമാനത്തിനകത്ത് പരിശീലനക്കളികള്‍ നടത്താന്‍ അവസരം

HIGHLIGHTS : ദോഹ: ഗുരുത്വാകര്‍ഷണ രഹിത (സീറോ ഗ്രാവിറ്റി) വിമാനത്തിനകത്ത് പരിശീലനക്കളികള്‍ നടത്തണോ. പേര് റജിസ്റ്റര്‍ ചെയ്യൂ. അടുത്ത വര്‍ഷം ഖത്തറിലെത്തുന്ന ഗുരുത്വ...

downloaddownloadദോഹ: ഗുരുത്വാകര്‍ഷണ രഹിത (സീറോ ഗ്രാവിറ്റി) വിമാനത്തിനകത്ത് പരിശീലനക്കളികള്‍ നടത്തണോ. പേര് റജിസ്റ്റര്‍ ചെയ്യൂ. അടുത്ത വര്‍ഷം ഖത്തറിലെത്തുന്ന ഗുരുത്വാകര്‍ഷണ രഹിത വിമാനത്തിലേക്കാണ് റജിസ്‌ട്രേഷന്‍ തുടങ്ങിയത്.
ലോകത്തിലെ 15 കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഗുരുത്വാകര്‍ഷണ രഹിത വിമാനം ഏപ്രില്‍ 23 മുതല്‍ 25 വരെയാണ് ഖത്തറിലുണ്ടാവുക. ശൂന്യത എല്ലാവര്‍ക്കും എന്ന പദ്ധതിയുടെ ഭാഗമായി 2015 ജനുവരി മുതലാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ശൂനവ്യാകത്തെ അനുഭവങ്ങള്‍ വിമാനത്തിനകത്ത് അറിയാനാകും. രണ്ട് മണിക്കൂര്‍ പറക്കുന്നതിനിടയില്‍ ഓരോ 20 മുതല്‍ 25 സെക്കന്റുകള്‍ വീതമാണ് ശൂന്യത സൃഷ്ടിക്കുക.
എന്നാല്‍ അങ്ങനെ എളുപ്പത്തില്‍ ശൂന്യാകാശ വിമാനത്തില്‍ കയറി പരിശീലനം നേടാമെന്ന് കരുതേണ്ടതില്ല. ഒരല്‍പ്പം ‘ചെലവാകും’. മൂന്ന് വിഭാഗങ്ങളായാണ് ചാര്‍ജ് ഈടാക്കുക. പാര്‍ട്ടി സോണില്‍ ഒരാള്‍ക്ക് രണ്ടായിരം യൂറോയാണ് (ഏകദേശം പതിനായിരം റിയാല്‍) തുക വരിക. നാല്‍പ്പതോളം പേരെ പാര്‍ട്ടി സോണില്‍ പങ്കെടുപ്പിക്കാനാവും.
പ്രീമിയം സോണില്‍ ഒരാള്‍ക്ക് അയ്യായിരം യൂറോ (ഏകദേശം 24000 റിയാല്‍) ചാര്‍ജാവും. ഇവിടം തെരഞ്ഞെടുക്കുന്ന 28 യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലം ലഭിക്കുകയും പറക്കലിനിടയില്‍ ബലൂണുകൊണ്ടും വിവിധ പാനീയങ്ങള്‍ കൊണ്ടുമുള്ള കളികളിലും ഏര്‍പ്പെടാനാവും. ലോക ടൂറിന്റെ ഭാഗമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സീറോ ഗ്രാവിറ്റി വാച്ച് ഇവിടുത്തെ യാത്രക്കാര്‍ക്ക് ലഭിക്കും. എസ്3 (സ്വിസ് സ്‌പെയ്‌സ് സിസ്റ്റംസ്) വസ്ത്രവും അണിയാന്‍ ലഭിക്കും.
വി ഐ പി റൂം തെരഞ്ഞെടുക്കുന്നവര്‍ അരലക്ഷം യൂറോയാണ് (ഏകദേശം 2,44,000 റിയാല്‍) ചാര്‍ജ് വരിക. സംഘാടകര്‍ പുറത്തുവിട്ടിട്ടില്ലാത്ത നിരവധി അനുഭവങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. എസ് 3 വേഷത്തിനു പുറമേ പ്രത്യേകം വാച്ചും സമ്മാനമായി ലഭിക്കും. 12 യാത്രക്കാരെയാണ് വി ഐ പി റൂമിലേക്ക് പരിഗണിക്കുക.
നാസ പോലുള്ള ഉന്നത ശ്രേണിയിലെ ഏജന്‍സികള്‍ വര്‍ഷങ്ങളായി സീറോ ഗ്രാവിറ്റി വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
‘ശൂന്യാകാശ വിമാനത്തില്‍’ ഒരു കൈ നോക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷിക്കുന്നവര്‍ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളും കൂടെവെക്കണം. എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കില്ല. എട്ടിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളോടൊപ്പം നിര്‍ബന്ധമായും രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം. സുരക്ഷാ കാരണങ്ങളാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ക്യാമറകളൊന്നും വിമാനത്തിനകത്ത് അനുവദിക്കുകയില്ല.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!