അയോദ്ധ്യയില്‍ പള്ളി പണിയാനാകില്ല; യാഗി ആദിത്യനാഥ്

yogi adityanath 3ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രവും മുസ്ലീം പള്ളിയും പണിഞ്ഞ് തര്‍ക്കം പരിഹരിക്കാമെന്ന നിര്‍ദ്ദേശത്തിനെതിരെ ബി ജെ പി എം പിയും വിവാദ നേതാവുമായ യാഗി ആദിത്യനാഥ് രംഗത്ത്. തര്‍ക്കഭൂമിയായ അയോധ്യയില്‍ മുസ്ലീം പള്ളിയെന്ന ആശയം മക്കയിലോ മദീനയിലോ ക്ഷേത്രം നിര്‍മിക്കുന്നതുപോലെയാണ് എന്നാണ് യോഗി ആദിത്യ നാഥ് പറയുന്നത്.

അയോദ്ധ്യ രാമന്റെ ജന്മസ്ഥലമാണ്. അക്കാര്യം അലഹബാദ് ഹൈക്കോടതി സമ്മതിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുവിഭാഗക്കാരുടെ ആരാധനാലയം പണിയുന്നെങ്കില്‍ 100 മീറ്റര്‍ ഉയരത്തിലുള്ള മതില്‍ എന്തിനാണെന്നും അദിത്യനാഥ് ചോദിച്ചു. അയോദ്ധ്യയില്‍ രണ്ടുവിഭാഗക്കാരുടെയും ആരാധനാലയങ്ങള്‍ പണിയാമെന്ന് ഒത്തുതീര്‍പ്പുവ്യവസ്ഥ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

അയോദ്ധ്യ വിഷയത്തിലെ ആദ്യകാല പരാതിക്കാരന്‍ ഹാഷിം അന്‍സാരിയും അഖാര പരിഷത്ത് മേധാവി മഹന്ത് ഗ്യാന്‍ ദാസും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. എന്നാല്‍ അത് നടപ്പാകില്ല എന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. ബി ജെ പിയുടെ എക്കാലത്തെയും വലിയ പ്രചാരണ ആയുധങ്ങളിലൊന്നാണ് അയോദ്ധ്യയിലെ രാമക്ഷേത്രം.

2010 സെപ്റ്റംബറില്‍ അയോദ്ധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അയോദ്ധ്യയിലെ 70 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി തരംതിരിച്ച് ഹിന്ദു മഹാസഭ പ്രതിനിധീകരിക്കുന്ന രാം ലല്ലയ്ക്കും ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും ഒരു ഭാഗം നിര്‍മോഹി അഖോരയ്ക്കും നല്‍കാനായിരുന്നു വിധി. എന്നാല്‍ വിധി പിന്നീട് സുപ്രീം കോടതി മരവിപ്പിച്ചു.