യെമനില്‍ നിന്ന് മൂന്ന് മലയാളികള്‍ തിരിച്ചെത്തി

yemen3-350x184തിരുവനന്തപുരം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന യെമനില്‍ നിന്ന് മൂന്ന് മലയാളികള്‍ കേരളത്തിലെത്തില്‍ തിരിച്ചെത്തി. ചങ്ങനാശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തിലും കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര, ഈരാറ്റുപേട്ട സ്വദേശി ലിജോ എന്നിവര്‍ ദോഹ വഴി നെടുമ്പാശേരി വിമാനത്താവളത്തിലുമാണ് എത്തിയത്. യെമനിലെ സ്ഥിതി ഗുരുതരമാണെന്നും മലയാളികളടക്കം ഇന്ത്യക്കാര്‍ ഭീതിയിലാണെന്നും ഇവര്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ നിന്ന് രണ്ട് കപ്പലുകള്‍ യെമനിലേക്ക് പുറപ്പെട്ടു. കോറല്‍, കവരത്തി എന്നീ കപ്പലുകളാണ് കൊച്ചിയില്‍ നിന്ന് ഇന്നു (30-03-2015) രാവിലെ യാത്ര തിരിച്ചത്. ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കവരത്തി കപ്പലിനെ തിരിച്ചു വിളിച്ചാണ് യമനിലേക്ക് അയച്ചത്. കപ്പലുകള്‍ യമനില്‍ എത്താന്‍ അഞ്ചു ദിവസമെടുക്കും. രണ്ട് കപ്പലുകളിലുമായി 1500 പേരെ കൊണ്ടുവരാനാകും.

നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂവായിരത്തോളം ഇന്ത്യക്കാര്‍ യമനിലുണ്ടെന്നാണ് കണക്കാക്കുന്നത്. 2100 പേര്‍ തിരിച്ചുവരാന്‍ സന്നദ്ധരാണ്. കപ്പലില്‍ കൊണ്ടുവരാന്‍ കഴിയാത്തവരെ റോഡുമാര്‍ഗം സൗദിയിലെത്തിച്ച് ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ആശുപത്രികളില്‍ നിന്ന് പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും നഴ്‌സുമാര്‍ക്ക് വിട്ടുകൊടുക്കാത്ത സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യമനിലെ ഇന്ത്യന്‍ അംബാസിഡറെ അറിയിച്ചിട്ടുണ്ട്.