യമഹയുടെ പുതുപുത്തന്‍ മോഡല്‍ ആല്‍ഫ വിപണിയിലേക്ക്

yamaha 1ജപ്പാന്‍ കമ്പനിയായ യമഹ സ്‌കൂട്ടര്‍ വിപണിയിലേക്ക് ഒരു പുതിയ മോഡല്‍ കൂടി ഇറക്കിയിരിക്കുന്നു. നേരത്തെ യമഹ ഇറക്കിയ ഗിയര്‍ലസ് സ്‌കൂട്ടര്‍ വിഭാഗത്തിലേക്കാണ് ഈ മൂന്നാമത്തെ മോഡലും ഇറക്കിയിരിക്കുന്നത്. 2012 ലാണ് യമഹ ആദ്യ മോഡലായ റേ പുറത്തിറക്കിയത്. ഇതേ തുടര്‍ന്ന് 2013 ല്‍ റേയുടെ തന്നെ പരിഷ്‌കരിച്ച മോഡലായ റേ സിയും വിപണിയിലിറക്കി.

ഹോണ്ട ആക്ടീവ, സുസുക്കി ആക്‌സസ് എന്നിവയോട് കിടപിടിക്കുന്ന ആല്‍ഫയുടെ ഡല്‍ഹി എക്‌സ് ഷോറൂം വില 49,518 രൂപയാണ്. വെളുപ്പ്, ചുകപ്പ്, ഗ്രേ, മജന്ത എന്നീ 5 നിറങ്ങളിലാണ് ഈ പുത്തന്‍ മോഡല്‍ പുറത്തിറങ്ങുക.

പുതുതലമുറയെയാണ് റേ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ആല്‍ഫ മുതിര്‍ന്നവരെ കൂടി ലക്ഷ്യമിട്ടാണ് കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ആല്‍ഫയുടെ രൂപത്തില്‍ തന്നെ ആ ഒരു വ്യത്യാസം കാണാവുന്നതാണ്. റേയുടേത് പോലെ തന്നെ 113 സിസി ഫോര്‍ സ്‌ട്രോക് എഞ്ചിനാണ് ആല്‍ഫക്കും. 7,500 ആര്‍പിഎമ്മില്‍ 7 വിഎച്ച്പിയാണ് പരമാവധി കരുത്ത്. പരമാവധി ടോര്‍ക്ക് 5,000 ആര്‍പിഎമ്മില്‍ 8.1 എന്‍എം ആണ്. എന്നാല്‍ റേയെ അപേക്ഷിച്ച് ഉയര്‍ന്ന മൈലേജ് ഈ പുതിയ മോഡല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ലിറ്ററിന് 62 കിലോമീറ്റര്‍ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. നീളവും വീതിയുമുള്ള സീറ്റ്, മുന്‍ ചക്രത്തിന് ടെലിസ്‌കോപ്പിക് ഫോര്‍ക്ക് , സസ്‌പെന്‍ഷന്‍ എന്നിവ ആല്‍ഫയുടെ യാത്ര സുഗമമാക്കുന്നു. സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പേസിന് 21 ലിറ്ററാണ് ശേഷി.

ഗിയര്‍ലെസ്സ് സ്‌കൂട്ടറിനോടുള്ള ആളുകളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചു വരുന്നത് മനസ്സിലാക്കിയാണ് യമഹ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം ആല്‍ഫ സ്‌കൂട്ടറുകള്‍ വില്‍പ്പന നടത്തുക എന്നതാണ് യമഹയുടെ ലക്ഷ്യം.