പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബാബു ഭരദ്വാജ് അന്തരിച്ചു

Story dated:Thursday March 31st, 2016,10 31:am
sameeksha sameeksha

babu bharadwajകോഴിക്കോട്: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കരള്‍ സംബന്ധമായ അസുഖം കാരണം കുറച്ചുദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാബു ഭരദ്വാജ്. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. പ്രവാസി അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി കൃതികള്‍ രചിച്ചിച്ച അദ്ദേഹത്തിന്റെ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് 2006ലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.‘പ്രവാസികളുടെ കുറിപ്പുകള്‍’ക്ക് അബുദാബി ശക്തി അവാര്‍ഡ് നേടിയിട്ടുണ്ട്.

1948 ജനുവരി 15 ന് തൃശൂര്‍ മതിലകത്ത് ഡോ. എം.ആര്‍. വിജയരാഘവന്റേയും കെ.പി ഭവാനിയുടെയും മകനായാണ് ജനനം. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങിലായിരുന്നു വിദ്യാഭ്യാസം.

കൈരളി ടി.വി ക്രിയേറ്റീവ് എക്‌സിക്യുട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, മീഡിയാവണ്‍ പ്രോഗ്രാം ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 മുതല്‍ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എസ്എഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.രവീന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടന്‍ കുഞ്ഞേ…’ എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.

പി.കെ പ്രഭയാണ് ഭാര്യ. രേഷ്മ, ഗ്രീഷ്മ, താഷി എന്നിവരാണ് മക്കള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അധ്യാപകന്‍ ദിലീപ് രാജ്, അജയ് ജേക്കബ്( യു.എസ്.എ), അമിത് മരോളി എന്നിവര്‍ മരുമക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ചയാണ് നടക്കുക.