ലോകത്ത്‌ എട്ടുവര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ്‌ തകരാറിലാകുമെന്ന്‌ പഠനം

download (1)ന്യൂയോര്‍ക്ക്‌: ലോകത്തിലെ ഇന്റര്‍നെറ്റ്‌ സൗകര്യം എട്ട്‌ വര്‍ഷത്തിനുള്ളില്‍ തകരാറിലാകുമെന്ന്‌ ഗവേഷകരുടെ മുന്നറിയിപ്പ്‌. 2023 ഒടെ കമ്പ്യൂട്ടറുകളിലേക്കും സ്‌മാര്‍ട്ട്‌ ഫോണുകളിലേക്കും ഇന്റര്‍നെറ്റ്‌ സിഗ്നലുകള്‍ കൈമാറുന്ന കേബിളുകളുടെയും ഫൈബര്‍ ഒപ്‌റ്റിക്കുകളുടെയും ശേഷി തീരുമെന്നാണ്‌ ബിര്‍മിങ്‌ഹാമിലെ അസ്റ്റോണ്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്‌.

കാലക്രമേണ ഇന്റര്‍നെറ്റിന്റെ വേഗത കുറയുകയും തുടരെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്യും. ഈ പ്രതിസന്ധി വര്‍ഷങ്ങളായി ഇന്റര്‍നെറ്റ്‌ സമൂഹം നേരിടുന്നുണ്ട്‌. എന്നാല്‍ ഓരോഘട്ടത്തിലും പരിഹാര മാര്‍ഗത്തിലൂടെ ഇതിനെ മറികടക്കുകയായിരുന്നു. എന്നാല്‍ ഏഴോ എട്ടോ വര്‍ഷത്തിനുള്ളില്‍ ഇത്‌ പരിഹരിക്കാനാകാത്ത അവസ്ഥയില്‍ എത്തിച്ചേരുമെന്ന്‌ സര്‍വ്വകലാശാല പഠനത്തില്‍ പറയുന്നു. വിവരങ്ങള്‍ കൈമാറാനായി ഭാവിയില്‍ വന്‍തോതില്‍ വൈദ്യുതിയും ചെലവഴിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്‌.

ബ്രിട്ടണില്‍ 2035 ഓടെ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും ഉപയോഗിച്ചാല്‍ മാത്രമെ അവിടെയുള്ള ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ കൈമാറാന്‍ കഴിയു എന്നും പഠനത്തില്‍ പറയുന്നു. കൂടാതെ ഇന്റര്‍നെറ്റ്‌ സേവനങ്ങളുടെ ചാര്‍ജ്ജ്‌ വന്‍തോതില്‍ ഉയരും. ഈ പ്രതിസന്ധി മറകടക്കാനുള്ള നടപടികളെ കുറിച്ച്‌ ആലോചിക്കേണ്ട സമയമായിരിക്കുന്നുവെന്നും വിദഗ്‌ധര്‍ മുന്നിറിയിപ്പു നല്‍കുന്നുണ്ട്‌.