മോസ്‌കോയില്‍ ഗോള്‍ പെരുമഴ റഷ്യ-5, സൗദി അറേബ്യ-0

മോസ്‌കോ: കാല്‍പന്ത് മാമാങ്കത്തിന്റെ ആദ്യ മത്സരത്തില്‍ സ്വന്തം നാട്ടുകാരെ സാക്ഷ്യമാക്കി റഷ്യക്ക് അതിഗംഭീര തുടക്കം. എതിരാളികളായ സൗദി അറേബ്യയെ റഷ്യ മറപടിയില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു. പകരക്കാരനായി ഇറങ്ങിയ റഷ്യയുടെ ഡന്നിസ് ചെറിവേഷ് രണ്ട് ഗോളും യുറി ഗസന്‍സ്‌കി, ആര്‍ടം സ്യൂബ, അലക്‌സാണ്ടര്‍ ഗൊലോവിന്‍ എന്നിവര്‍ ഓരോ ഗോളുകളുമാണ് നേടിയത്.

എണ്‍പതിനായിരത്തിലധികമുള്ള തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് ആദ്യപകുതിയില്‍ തന്നെ റഷ്യ തങ്ങളുടെ വിജയമുറപ്പിച്ചിരുന്നു. ഒന്നാം പകുതിയില്‍ ബോള്‍ പൊസിഷനിങ്ങില്‍ സൗദി മുന്നില്‍ നിന്നെങ്കിലും അപകടകരമായ ഒരു നീക്കവും നടത്താന്‍ അവര്‍ക്കായില്ല.

തൊണ്ണൂറുമിനിറ്റ് പൂര്‍ത്തിയാക്കിയ കളിയുടെ എക്‌സ്ട്രാ ടൈമിലാണ് സൗദിയുടെ ദയനീയ തോല്‍വി ഉറപ്പാക്കിക്കൊണ്ടുള്ള രണ്ടു ഗോളുകള്‍ പിറന്നത്.

പ്രതിരോധത്തിലൂന്നുന്ന ലൈനപ്പുമായാണ് സൗദി ഇറങ്ങിയതുതന്നെ പ്രതിരോധ നിരയിലെ നാലുപേര്‍ക്ക് പുറമെ മധ്യനിരക്കാരെയും പിറകോട്ടുവലിച്ച് ആള്‍ക്കൂട്ടമുണ്ടാക്കി റഷ്യയെ തടയാമെന്ന പരിശീലകന്‍ യുവാന്‍ അന്റോണിയ പി സിയുടെ കണക്കുകൂട്ടലുകള്‍ റഷ്യയുടെ ആക്രമണത്തില്‍ തകിടം മറിഞ്ഞു.

കളിയിലെ താരം ഗൊലോവിന്റെ തൊണ്ണൂറ്റിനാലാം മിനിറ്റിലെ അവസാന ഗോളോടെയാണ് കളി അവസാനിച്ചത്.

ഇന്ന് യൂറോപ്യന്‍ ശക്തികളായ പോര്‍ച്ചുഗലും സ്‌പെയിനും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.

Related Articles