ലോകകപ്പ് ഖത്തറില്‍ തന്നെ; ഖത്തറിന് ക്ലീന്‍ ചിറ്റു നല്‍കി ഫിഫ

ദോഹ: ഖത്തറിനുമേല്‍ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം തീര്‍ത്ത സാഹചര്യത്തിലും ഖത്തറിന് ക്ലീന്‍ചിറ്റ് നല്‍കി ഫിഫ. 2022 ലെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഖത്തറില്‍തന്നെ നടക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് ഫിഫ പുറത്തിറക്കി. ഇതുസംബന്ധിച്ച് 430 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ഫിഫ അധികൃതര്‍ പുറത്തുവിട്ടത്.

നിലവില്‍ സൗദി സഖ്യരാജ്യങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലമില്ലാത്ത ആരോപണങ്ങള്‍ ഖത്തര്‍ വേദിക്ക് തടസ്സമാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഫിഫ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലോകകപ്പിനുള്ള വേദിയാക്കാന്‍ വേണ്ടി ഖത്തര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും 2022 ലെ ലോകകപ്പിന് ഖത്തര്‍തന്നെയാണ് യോഗ്യമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. ലോകകപ്പ് വേദിയുടെ ലേലം സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുനരാരംഭിക്കാന്‍ തക്ക ഒരു കാരണവും നിലവിലില്ലെന്നും നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരുന്നു.