ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെ ശ്രീലങ്ക 148 റണ്‍സിന് തോല്‍പിച്ചു

prv_6cd3b_1426054699ഹൊബാര്‍ട്ട്: ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് 148 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്‌കോട്‌ലന്‍ഡ് 41.3 ഓവറില്‍ 218 റണ്‍സിന് ഓളൗട്ടായി. വിജയത്തോടെ ശ്രീലങ്ക എ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തി.

കൂറ്റന്‍ വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ഡിന് ഒരിക്കലും വിജയപ്രതീക്ഷ വെച്ചുപുലര്‍ത്താനായില്ല. അര്‍ധസെഞ്ചുറികള്‍ നേടിയ കോള്‍മാന്റെയും മോംസന്റെയും മികവില്‍ 200 കടക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് അവരുടെ ഏക ആശ്വാസം. കോള്‍മാന്‍ 70 ഉം മോംസന്‍ 60 ഉം റണ്‍സെടുത്തു. നുവാന്‍ കുലശേഖര. ചമീര എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം സെഞ്ച്വറിയോടെ കുമാര്‍ സങ്കക്കാരയാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. 95 പന്തില്‍ 13 ബൗണ്ടറികളും നാല് സിക്‌സും ഉള്‍പ്പെടെയാണ് സങ്ക 124 ലെത്തിയത്. ദില്‍ഷന്‍ 99 പന്തില്‍ പത്ത് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 104 റണ്‍സെടുത്തു. ദില്‍ഷനും സംഗക്കാരയും രണ്ടാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മെല്‍ബണില്‍ ബംഗ്ലാദേശിനെതിരേയാണ് സങ്കക്കാര ഈ ലോകകപ്പില്‍ ആദ്യത്തെ സെഞ്ചുറി (105) നേടിയത്. പിന്നീട് ഇംഗ്ലണ്ട്്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയും ഇതേ നേട്ടം ആവര്‍ത്തിച്ചു. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് സങ്കക്കാര.