പാകിസ്താനെ 150 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് തോല്‍പിച്ചു

prv_47f6e_1424480513ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ പാകിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ജയം. 150 റണ്‍സിനാണ് പാകിസ്താന്‍ തോറ്റത്. ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് പാകിസ്താന്‍ 300 റണ്‍സ് വഴങ്ങി തോല്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് ഇതേ രീതിയില്‍ പാകിസ്താന്‍ തോറ്റിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ ആന്‍ഡ്രെ റസ്സലാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത പാകിസ്താന് ഇത്തവണയും പ്രതീക്ഷ കാക്കാനായില്ല. വിന്‍ഡീസിന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരും തുടക്കം മുതല്‍ മോശമില്ലാത്ത സംഭാവനകള്‍ നല്‍കി. 46 പന്തില്‍ 50 റണ്‍സെടുത്ത ലെന്‍ഡല്‍ സിമ്മണ്‍സും 42 റണ്‍സെടുത്ത ആന്‍ഡ്രെ റസ്സലുമാണ് വിന്‍ഡീസിനെ 300 കടത്തിയത്. സ്മിത്ത് 23, ബ്രാവോ 49, സാമുവല്‍സ് 38, രാംദിന്‍ 51, സമി 30 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

310 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ വെറും 160 നാണ് റണ്‍സിന് ഓളൗട്ടായത്. 3.1 ഓവറില്‍ നാലാമത്തെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാകിസ്താന് വെറും 1 റണ്‍സ് മാത്രമേ അടിച്ചിരുന്നുള്ളൂ. ഷോയിബ് മക്‌സൂദും ഉമര്‍ അക്മലുമാണ് അര്‍ധ സെഞ്ചുറികളോടെ പാകിസ്താനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

ലോകകപ്പിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇരുടീമിനും ക്വാര്‍ട്ടറിലെത്താന്‍ ഇന്നത്തെ ജയം അനിവാര്യമായിരുന്നു. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് അയര്‍ലന്‍ഡിനോടു നാലു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. പാകിസ്താന്‍ ഇന്ത്യയോടാണ് തോറ്റത്. ഇന്നത്തെ തോല്‍വിയോടെ പാകിസ്താന് ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്.