നാലില്‍ നാല് വിജയം: ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

1425700042427പെര്‍ത്ത്: വെസ്റ്റ് ഇന്‍ഡീസിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇന്ത്യയുടെ നാലാമത്തെ കളിയാണ് ഇത്. നാലാമത്തെ ജയവും. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, യു എ ഇ എന്നിവരെ ഇന്ത്യ നേരത്തെ പരാജയപ്പെടുത്തിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആധികാരിക പ്രകടനമാണ് ഓസ്‌ട്രേലിയയില്‍ കാണുന്നത്.

ആറിന് 134 എന്ന നിലയില്‍ തകര്‍ന്ന ശേഷമാണ് 183 റണ്‍സിന്റെ വിജയലക്ഷ്യത്തില്‍ എത്താനായത് എന്നത് ഇന്ത്യയുടെ ബലഹീനത തുറന്നുകാണിക്കുന്നതാണ്. ഷോട്ട് പിച്ച് പന്തുകളില്‍ വിക്കറ്റ് വലിച്ചെറിയുന്ന ശീലം ഇന്ത്യ ഏറെനാളുകള്‍ക്ക് ശേഷം പുറത്തെടുത്ത കളി കൂടെയായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെ പെര്‍ത്തില്‍ നടന്നത്. ക്യാപ്റ്റന്‍ ധോണിയുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ നാലാം ജയത്തിലേക്കും ക്വാര്‍ട്ടര്‍ ഫൈനലിലേക്കും എത്തിച്ചത്.

മുന്‍നിര വിക്കറ്റുകള്‍ വളരെ വേഗം നഷ്ടമായ കളിയില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയത്. മൂന്നു വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് ഷാമി മാന്‍ ഓഫ് ദ മാച്ച് ആയി. മൂന്ന് കളിയില്‍ ഷമിയുടെ ഒമ്പതാമത്തെ വിക്കറ്റാണ് ഇത്. യു എ ഇയ്‌ക്കെതിരായ കളിയില്‍ പരിക്ക് മൂലം ഷാമി ഇറങ്ങിയിരുന്നില്ല.

നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. രണ്ട് കളിയില്‍ തോല്‍ക്കുകയും രണ്ടെണ്ണം ജയിക്കുകയും ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് ഈ തോല്‍വിയോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ പരുങ്ങലിലായി. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, അയര്‍ലന്‍ഡ് എന്നിവരും ബി ഗ്രൂപ്പില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.

Related Articles