ലോകകപ്പ് ക്രിക്കറ്റ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് ഇങ്ങനെ

world-cup-cricketസിഡ്‌നി: 2015 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യറൗണ്ട് മത്സരങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ കളി കൂടി കഴിയുന്നതോടെ ഒന്നാം ഘട്ടം തീരും. ബി ഗ്രൂപ്പില്‍ അടുത്ത റൗണ്ടിലേക്ക് ആര് കടക്കണം എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മാത്രമാണ് ബി ഗ്രൂപ്പില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു എന്ന് പറയാവുന്ന ടീം.

ദക്ഷിണാഫ്രിക്ക പാകിസ്താന്‍, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ നാല് ടീമുകളാണ് ബാക്കിയുള്ള മൂന്ന് സ്ഥാനത്തിന് വേണ്ടി കളിക്കുന്നത്. യു എ ഇ മാത്രമാണ് ടൂര്‍ണമെന്റില്‍ നിന്നും ഇതുവരെ പുറത്തായ ടീം. എ ഗ്രൂപ്പില്‍ അങ്ങനെയല്ല സ്ഥിതി. അവിടത്തെ നാല് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചുകഴിഞ്ഞു.

ലോകചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പിലും ചാമ്പ്യന്മാരായിട്ടാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. ഒരു കളി കൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്. പക്ഷേ ക്വാര്‍ട്ടര്‍ സ്ഥാനവും ഗ്രൂപ്പ് ചാമ്പ്യന്‍ പട്ടവും ഇന്ത്യ ഉറപ്പിച്ചുകഴിഞ്ഞു. എ ഗ്രൂപ്പില്‍ ന്യൂസിലന്‍ഡാണ് ചാമ്പ്യന്മാര്‍. അഞ്ച് കളി അഞ്ച് ജയം. ഓസ്‌ട്രേലിയയെ പോലും തോല്‍പിച്ചാണ് ന്യൂസിലന്‍ഡ് എ ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്.

എ ഗ്രൂപ്പില്‍ രണ്ടാമതായിട്ടാണ് ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. 5 കളിയില്‍ 7 പോയിന്റാണ് അവര്‍ക്ക്. ന്യൂസിലന്‍ഡിനെതിരെ തോറ്റപ്പോള്‍ ബംഗ്ലാദേശുമായി കളി മഴ മുടക്കി. ഇംഗ്ലണ്ടിനെ തോല്‍പിച്ച് പുറത്താക്കിയ ബംഗ്ലാദേശാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഏവരെയും അമ്പരപ്പിച്ച ടീം. ശ്രീലങ്കയാണ് എ ഗ്രൂപ്പില്‍ നിന്നും ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന മറ്റൊരു ടീം.