ഓസ്‌ട്രേലിയ സെമിയില്‍

prv_f3ccd_1426824923മെല്‍ബണ്‍: ആതിഥേയരായ ഓസ്‌ട്രേലിയ ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. പാകിസ്താനെ 6 വിക്കറ്റിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ സെമി ഫൈനലിലെത്തിയത്. വിജയലക്ഷ്യമായ 214 റണ്‍സ് 33.5 ഓവറിലാണ് ഓസ്‌ട്രേലിയ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 213 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് വെറും 4 വിക്കറ്റുകളേ നഷ്ടമായുള്ളൂ.

ഇന്ത്യയാണ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരാളികള്‍. ബംഗ്ലാദേശിനെതിരായ ജയത്തോടെയാണ് ഇന്ത്യ സെമിയിലെത്തിയത്. മാര്‍ച്ച് 26ന് സിഡ്‌നിയിലാണ് സെമി ഫൈനല്‍. സ്മിത്തും വാട്‌സനും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയ്ക്ക് സെമി ഫൈനല്‍ ഉറപ്പാക്കിയത്. ഇരുവരും അര്‍ധസെഞ്ചുറികള്‍ നേടി. പാക് ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ടതാണ് ഓസീസ് വിജയം എളുപ്പത്തിലാക്കിയത്.

പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസും ഷെയ്ന്‍ വാട്‌സനും തമ്മിലുളള വാക്കേറ്റവും അഡലെയ്ഡ് സ്‌റ്റേഡിയത്തെ ആവേശകരമാക്കി. നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49. 5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി. 4 വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡാണ് ഓസ്‌ട്രേലിയയുടെ മികച്ച ബൗളര്‍. ഹേസല്‍വുഡാണ് കളിയിലെ താരവും. 41 റണ്‍സെടുത്ത് ഹാരിസ് സൊഹൈലും 34 റണ്‍സോടെ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖും മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്.