Section

malabari-logo-mobile

വനിതകളുടെ ആശങ്കകള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍  വനിതാ കമ്മീഷന്‍ മുന്‍കൈയെടുക്കണം: ഗവര്‍ണര്‍

HIGHLIGHTS : ഐ. പി. സി 498 A യുമായി ബന്ധപ്പെട്ടുള്ള വിധിയില്‍ സ്ത്രീകളുടെ ആശങ്കകള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍കൈയെടുക...

ഐ. പി. സി 498 A യുമായി ബന്ധപ്പെട്ടുള്ള വിധിയില്‍ സ്ത്രീകളുടെ ആശങ്കകള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്‍ വി. ജെ. ടി ഹാളില്‍ സംഘടിപ്പിച്ച ഐ. പി. സി 498 A യുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയും അനന്തര ഫലവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സുപ്രീം കോടതിയുടെ വിധിയ്‌ക്കെതിരെ ഒരു സംഘടന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. വനിതാ കമ്മീഷന് ഈ കേസില്‍ കക്ഷി ചേരാവുന്നതാണ്. ദേശീയ വനിതാ കമ്മീഷന്‍ മുഖേന പ്രശ്‌നങ്ങള്‍ സുപ്രീം കോടതി മുമ്പാകെ അവതരിപ്പിക്കാവുന്നതാണെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കോടതികളിലും ഹൈക്കോടതിയിലും വനിതാ കമ്മീഷന്‍ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കണം.
വനിതകളുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അറിവുണ്ടാവണം. ഇത്തരം ഭേദഗതികള്‍ മലയാളത്തിലാക്കി പോലീസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം. സി. ജോസഫൈന്‍ അദ്ധ്യക്ഷത വഹിച്ചു. ജയില്‍ ഡി. ജി. പി ആര്‍. ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തി. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ. എം. രാധ, എം. എസ്. താര, ഷാഹിദ കമാല്‍, അഡ്വ. ഷിജി ശിവജി, സുപ്രീം കോടതി അഭിഭാഷകയായ കീര്‍ത്തിസിംഗ് എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!