അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മ കോഴിക്കോട് നടന്നു

DSC_0030 (1)കോഴിക്കോട് : അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കേരളത്തിലെ വിവിധ സ്്ത്രീ പ്രവര്‍ത്തകരും തൊഴിലാളി സ്ത്രീകളും ഒത്തുചേര്‍ന്നു. കോഴിക്കോട് ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന കൂട്ടായ്മയില്‍ വ്യത്യസ്ത തൊഴില്‍ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ അനുഭവങ്ങള്‍ പങ്കു വെച്ചു. തൊഴില്‍ സുരക്ഷിതത്വം ഇല്ലായ്മ, കുറഞ്ഞ കൂലി, വ്യത്യസ്ത കൂലി, അധിക ജോലി, മാനസിക പീഡനങ്ങള്‍, തൊഴില്‍ ആനൂകൂല്ല്യങ്ങളുടെ നിഷേധം തുടങ്ങിയ അവകാശ ലംഘനങ്ങള്‍, മുഖ്യപ്രശ്‌നങ്ങളായി ചര്‍ച്ചയില്‍ ഉയര്‍ന്നു.

ക്ഷേമനിധി പോലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ അംഗമാക്കുന്നതിന് യാതൊരു നടപടിയും ഉണ്ടാവാത്തതും അസംഘടിത മേഖല തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതും പ്രധാന സമര വിഷയമായി യോഗം ചൂണ്ടി കാട്ടി. ഇതിന്റെ ഭാഗമായി അന്താരാഷ്ട്രാ വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ടെക്സ്റ്റയില്‍ ഷോപ്പുകളടക്കമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നതിനായി സമരം നടത്താനും യോഗം തീരുമാനിച്ചു.

പെണ്‍കൂട്ട് സെക്രട്ടറി പി വിജി അദ്ധ്യക്ഷയായ യോഗത്തില്‍ കെ അജിത, സുല്‍ഫത്ത് പയ്യന്നൂര്‍, ജെന്നി സുല്‍ഫത്ത്, അഡ്വ. മരിയ, വിനയ, അഡ്വ. ദിവ്യ ഡിവി, ജ്യോതി നാരായണന്‍, വിധു വിന്‍സെന്റ്, വിപി സുഹറ, ദേവി പയ്യന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സക്കീന സ്വാഗതവും സ്മിത നന്ദിയും പറഞ്ഞു.