സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം: കേസുകളില്‍ വര്‍ധന – വനിതാ കമ്മീഷന്‍

Untitled-1 copyമലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അപകീര്‍ത്തിപെടുത്തുന്ന കേസുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്‌ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുന്നവര്‍ വ്യക്തമായ തെളിവുകള്‍ അവശേഷിപ്പിക്കുകയാണ്‌. തക്കതായ ശിക്ഷ ലഭിക്കുമെന്ന്‌ അറിഞ്ഞുകൊണ്ടാണ്‌ സ്‌ത്രീകള്‍ക്കെതിരെ അപവാദപ്രചരണം തുടരുന്നത്‌. ഫോട്ടോയും അശ്ലീല കമന്റും വാട്ട്‌സ്‌അപിലൂടെ അയച്ച്‌ മുന്‍ ഭര്‍ത്താവ്‌ അപകീര്‍ത്തിപെടുത്തിയെന്നാരോപിച്ച്‌ ലഭിച്ച പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍.

സ്‌ത്രീകള്‍ക്ക്‌ നിയമപ്രകാരം ലഭിക്കേണ്ട സ്വത്ത്‌ നിഷേധിക്കുന്ന കേസുകളും കൂടി വരുന്നതായി വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. മരിച്ചു പോയ ഭര്‍ത്താവിന്റെ സ്വത്ത്‌ ഭാര്യയ്‌ക്ക്‌ നിഷേധിക്കുന്ന കേസുകളുടെ എണ്ണവും മരിച്ചു പോയ രക്ഷിതാക്കളുടെ സ്വത്ത്‌ പെണ്‍മക്കള്‍ക്ക്‌ നിഷേധിക്കുന്ന കേസുകളുമാണ്‌ കൂടുതല്‍.

67 കേസുകളാണ്‌ അദാലത്തില്‍ പരിഗണിച്ചത്‌. 44 കേസുകള്‍ തീര്‍പ്പാക്കുകയും 20 കേസുകള്‍ അടുത്ത അദാലത്തിലേയ്‌ക്ക്‌ മാറ്റി വെയ്‌ക്കുകയും ചെയ്‌തു. മൂന്ന്‌ കേസുകള്‍ അന്വേഷണത്തിനായി പൊലീസിന്‌ കൈമാറി. ആറ്‌ പുതിയ പരാതികളും ലഭിച്ചു . ജില്ലയില്‍ സ്‌ത്രീധന സംബന്ധമായ പരാതികളുടെയും ഗാര്‍ഹിക പീഡന പരാതികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായും കമ്മീഷന്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന അദാലത്തില്‍ അഡ്വ. സുജാത വര്‍മ്മ, അഡ്വ.കെ.വി. ഹാറൂണ്‍ റഷീദ്‌, അഡ്വ. കെ. സൗദാ ബീഗം, പൊലീസ്‌ ഉദ്യോഗസ്ഥര്‍, സാമൂഹിക നീതി വകുപ്പിലെ ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.