വനിത എംഎല്‍എമാര്‍ വ്യക്തിപരമായി പരാതി നല്‍കും

download (1)തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലെ അതിക്രമത്തെക്കുറിച്ച് വനിതാ എം എല്‍ എമാര്‍ പോലീസില്‍ പരാതി നല്‍കും. വരുന്ന തിങ്കളാഴ്ച പരാതി നല്‍കാനാണു തീരുമാനം. അഞ്ചു വനിതാ എം എല്‍ എമാരും വ്യക്തിപരമയാണ് പരാതി നല്‍കുന്നത്. പരാതിയില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ആക്ഷേപം ഉന്നയിക്കും.

ജമീല പ്രകാശം, ഗീതാ ഗോപി, കെ കെ ലതിക, അയിഷാ പോറ്റി, ഇ എസ് ബിജിമോള്‍ എന്നീ എം എല്‍ എമാര്‍ ഗവര്‍ണറെയും കാണും. പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ കൂട്ടാക്കാത്ത സ്പീക്കര്‍ ശക്തന്റെ നടപടിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും

കെ ശിവദാസന്‍ നായര്‍, തന്നെ അപമാനിക്കാന്‍ ശ്രമിച്ച കാര്യം ജമീല പ്രകാശം പരാതിയില്‍ ചൂണ്ടിക്കാട്ടും. ഇതോടൊപ്പം ഡൊമിനിക പ്രസന്റേഷന്‍ എം എല്‍ എ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതും ചൂണ്ടിക്കാട്ടും. തന്നെ, മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞു വയ്ക്കാന്‍ ശ്രമിച്ച കാര്യമാവും ബിജിമോള്‍ ചൂണ്ടിക്കാട്ടുക.

ഇതിനിടെ നിയമസഭയ്ക്കുള്ളിലെ അതിക്രമം സംബന്ധിച്ചു സ്വകാര്യവ്യക്തി നല്‍കിയ പരാതി പോലീസ് സ്പീക്കര്‍ക്കു കൈമാറി. നിയമസഭയ്ക്കുള്ളിലെ സംഭവം എന്ന നിലയ്ക്കാണു സ്പീക്കര്‍ക്കു പരാതി കൈമാറുന്നത്. ഡി ജി പി മുഖേനയാണു പോലീസ് സ്പീക്കര്‍ക്കു പരാതി കൈമാറിയത്.