Section

malabari-logo-mobile

വനിത ഫുട്‌ബോള്‍ : മണിപ്പൂര്‍ ഫൈനലില്‍; കേരളം പൊരുതിത്തോറ്റു

HIGHLIGHTS : തൃശൂര്‍: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ഫുട്‌ബോള്‍ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മണിപ്പൂരിനെതിരേ കേരളത്തിനു പരാജയം. ഏകപക്ഷീയമായ മൂന്നു...

തൃശൂര്‍: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ഫുട്‌ബോള്‍ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മണിപ്പൂരിനെതിരേ കേരളത്തിനു പരാജയം. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ്‌ കേരളത്തിനു പരാജയം സമ്മതിക്കേണ്ടിവന്നത്‌.
മത്സരം ആരംഭിച്ച്‌ എട്ടാം മിനിറ്റിലാണു മണിപ്പൂരിന്റെ താരങ്ങള്‍ കേരളത്തിന്‌ ആദ്യ ആഘാതം സമ്മാനിച്ചത്‌. തുടര്‍ന്ന്‌ ഒമ്പതാം മിനിറ്റില്‍ രണ്ടാമത്തെ പ്രഹരവും ലഭിച്ചു. മണിപ്പൂരിന്റെ പത്താം നമ്പര്‍ താരം എന്‍.ജി. ബാലാദേവിയാണ്‌ ഇരുഗോളുകളും മണിപ്പൂരിനുവേണ്ടി നേടിയത്‌. ഇരുപതാം മിനിറ്റില്‍ കേരളത്തിന്‌ മണിപ്പൂരിന്റെ ഗോള്‍മുഖത്തേക്ക്‌ പ്രഹരം നടത്താന്‍ ആദ്യ അവസരം ലഭിച്ചുവെങ്കിലും അതു ഫലം കണ്ടില്ല. പതിനഞ്ചാം നമ്പര്‍ താരം അശ്വതി മണിപ്പൂരിന്റെ വലയിലേക്കു പന്ത്‌ തൊടുത്തുവിട്ടുവെങ്കിലും പോസ്റ്റില്‍ ഇടിച്ചു തെറിക്കുകയായിരുന്നു. തുടര്‍ന്ന്‌ 22-ാം മിനിറ്റില്‍ കേരളത്തിന്‌ ആദ്യ കോര്‍ണര്‍ കിട്ടിയെങ്കിലും അതും ഗോളാക്കി മാറ്റാന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. മുപ്പത്തിയെട്ടാം മിനിറ്റില്‍ വീണ്ടും കേരളത്തിന്‌ ഗോള്‍ അവസരം ലഭിച്ചുവെങ്കിലും അവിടേയും നിരാശയായിരുന്നു ഫലം.
മത്സരത്തിന്റെ രണ്ടാംപകുതി ആരംഭിച്ചപ്പോളും മുന്നേറ്റം മണിപ്പൂരിന്റെ താരങ്ങള്‍ക്കു തന്നെയായിരുന്നു. രണ്ടാം പാദത്തിന്റെ അഞ്ചാമത്തെ മിനിറ്റിലാണ്‌ മൂന്നാമത്തെ ഗോള്‍ കേരളത്തിന്റെ വലയെ ലക്ഷ്യമാക്കിയെത്തിയത്‌. മണിപ്പൂരിന്റെ പന്ത്രണ്ടാം നമ്പര്‍ താരം ഐ. പ്രേമേശ്വരി ദേവിയാണ്‌ മൂന്നാമത്തെ പ്രഹരം കേരളത്തിനു നല്‍കിയത്‌. ഇതോടെ പൂജ്യത്തിനെതിരേ മൂന്നു ഗോളുകള്‍ക്കു മണിപ്പൂര്‍ ഫൈനല്‍ മത്സരത്തിലേക്കു പ്രവേശിച്ചു. ഹരിയാനയെ തകര്‍ത്ത ഒഡീഷയാണ്‌ ഫൈനലില്‍ മണിപ്പൂരിന്റെ എതിരാളികള്‍.
മത്സരത്തിലാകെ അഞ്ചില്‍ താഴെ അവസരങ്ങളില്‍ മാത്രമാണ്‌ കേരളം മണിപ്പൂരിന്റെ ഭാഗത്തേക്കു ആക്രമണം നടത്തിയത്‌. ജാര്‍ഖണ്ഡുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ പതിനൊന്നു ഗോളുകള്‍ക്കു മണിപ്പൂര്‍ വിജയിച്ചിരുന്നു. ഈ ആത്മവിശ്വാസം കേരളത്തിനെതിരേയുള്ള മത്സരത്തിലും പ്രതിഫലിച്ചിരുന്നു. മണിപ്പൂരിന്റെ മുന്നേറ്റത്തിനെതിരേ ഏറെക്കുറേ പിടിച്ചു നിന്നതു കേരളത്തിന്റെ പ്രതിരോധ നിരയാണ്‌. അവരുടെ പരിശ്രമംകൊണ്ടാണു കൂടുതല്‍ ഗോളുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത്‌.
നാളെ (10.02.15) രാവിലെ 7.30നു നടക്കുന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ കേരളം ഹരിയാനയെ നേരിടും. വൈകീട്ട്‌ 3.30നാണ്‌ ഒഡീഷ -മണിപ്പൂര്‍ ഫൈനല്‍. ഹരിയാനയെ തകര്‍ത്ത ഒഡീഷയാണ്‌ ഫൈനലില്‍ മണിപ്പൂരിന്റെ എതിരാളികള്‍.

ഹരിയാനയ്‌ക്കു പരാജയം; ഒഡീഷ ഫൈനലില്‍
ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ ഹരിയാനയ്‌ക്കു പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു ഹരിയാന പരാജയം സമ്മതിച്ചത്‌.
മത്സരം ആരംഭിച്ച്‌ ആറാം മിനിറ്റില്‍ തന്നെ ഹരിയാനയുടെ ഗോള്‍മുഖം ചലിച്ചു. പന്ത്രണ്ടാം നമ്പര്‍ താരം ലോചനാ മുണ്ടെയാണ്‌ ഒഡീഷയ്‌ക്കുവേണ്ടി ഗോളടിച്ചത്‌. മത്സരത്തിലേറെയും ഒഡീഷന്‍ താരങ്ങള്‍ മുന്നേറ്റം നിലനിര്‍ത്തി. 25-ാം മിനിറ്റില്‍ രണ്ടാമതും ഒഡീഷയ്‌ക്കു ഗോള്‍ നേടാനായെങ്കിലും റഫറി ഓഫ്‌ വിളിച്ചതിനെത്തുടര്‍ന്ന്‌ അത്‌ അസാധുവാകുകയായിരുന്നു. 42-ാം മിനിറ്റില്‍ ആറാം നമ്പര്‍ താരം സുപ്രിയ റാവത്ത്‌ റായിയുടെ പാസ്‌ ഒഡീഷയ്‌ക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല. മത്സരത്തിന്റെ ആദ്യപകുതിയില്‍ ശക്തമായ മുന്നേറ്റത്തോടെയാണ്‌ ഒഡീഷ വിശ്രമ വേളയിലേക്കു പ്രവേശിച്ചത്‌.
മത്സരത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യ മിനിറ്റില്‍ തന്നെ ഹരിയാന ഒഡീഷയുടെ പോര്‍മുഖത്തേക്കു ആക്രമണം നടത്തിയെങ്കിലും ഗോളി ഹരിയാനയുടെ രക്ഷയ്‌ക്കെത്തി. തുടര്‍ന്ന്‌ ഹരിയാനയുടെ വലയിലേക്കു സുപ്രിയ റാവത്ത്‌ റായ്‌ നല്‍കിയ പാസ്‌ പത്തൊമ്പതാം നമ്പര്‍ താരം മേനകാ മാലിക്‌ ഹെഡ്‌ ചെയ്‌തെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക്‌ എത്തിക്കാന്‍ സാധിച്ചില്ല. ആദ്യപകുതിയില്‍ ഹരിയാനയുടെ ഗോള്‍മുഖത്തായിരുന്നു കളി ഏറിയ പങ്കും നടന്നതെങ്കില്‍ രണ്ടാം പകുതിയില്‍ ഹരിയാന നില അല്‍പ്പം മെച്ചപ്പെടുത്തി.
രണ്ടാം പകുതിയുടെ ഇരുപത്തിയഞ്ചും ഇരുപത്തിയാറും മിനിറ്റുകളിലാണു രണ്ടും മൂന്നും ഗോളുകള്‍ ഹരിയാനയ്‌ക്കു ലഭിച്ചത്‌. പത്തൊമ്പതാം നമ്പര്‍ താരം മേനകാ മാലിക്കാണു രണ്ടു ഗോളുകളും ഒഡീഷയ്‌ക്കായി നേടിയത്‌. പത്താം നമ്പര്‍ താരം പ്യാരി കക്ക ഹരിയാനയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി തൊടുത്തുവിട്ട ഗോള്‍ ബാറില്‍ തട്ടി തെറിച്ചപ്പോള്‍ അതു പോസ്റ്റിലേക്കു തിരിച്ചുവിട്ടാണു മേനക മൂന്നാമത്തെ ഗോള്‍ നേട്ടമുണ്ടാക്കിയത്‌.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!