വനിതാക്കമ്മിഷനംഗം ഡോ: ജെ. പ്രമീളാദേവിക്ക് വുമൺ അച്ചീവർ പുരസ്ക്കാരം

നവംബർ 26ന് ലണ്ടനിൽ ഹൗസ് ഓഫ് കോമൺസിൽവച്ചു സമ്മാനിക്കും

വിവിധ രംഗങ്ങളിലെ പ്രവർത്തനമികവും സംഭാവനകളും പരിഗണിച്ച് യുകെ – കേരള ബിസിനസ് ഫോറത്തിന്റെ ഇക്കൊല്ലത്തെ വുമൺ അച്ചീവർ പുരസ്ക്കാരത്തിനു കേരള വനിതാക്കമ്മിഷൻ അംഗം ഡോ: ജെ. പ്രമീളാദേവിയെ തെരഞ്ഞെടുത്തു. ലണ്ടനിൽ ബ്രിട്ടിഷ് പാർലമെന്റായ ഹൗസ് ഓഫ് കോമൺസിൽ നവംബർ 26നു നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും. വാഴൂർ എൻഎസ്എസ് കോളെജിൽ ഇംഗ്ലിഷ് വിഭാഗം മേധാവിയാണു പ്രമീളാദേവി.

ദക്ഷിണാഫ്രിക്കയിലും തെക്കേയമേരിക്കയിലും വിവിധ രാജ്യങ്ങളിൽ യുഎൻ സമാധാനദൗത്യങ്ങൾ നിർവ്വഹിച്ചിട്ടുള്ള പ്രമീളാദേവിയുടെ ഇത്തരം പ്രവർത്തനങ്ങൾക്കൊപ്പം പൊതുപ്രവർത്തക, എഴുത്തുകാരി, വനിതാക്കമ്മിഷൻ അംഗം തുടങ്ങിയ നിലകളിൽ നടത്തിവരുന്ന പ്രവർത്തനങ്ങളും പരിഗണിച്ചാണു പുരസ്ക്കാരം സമ്മാനിക്കുന്നതെന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനത്തിൽ പറയുന്നു. ബ്രിട്ടിഷ് ചേംബർ ഓഫ് കൊമേഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന വ്യവസായികളുടെ കൂട്ടായ്മയാണ് വീരേന്ദ്രശർമ്മ എംപി അദ്ധ്യക്ഷനായ യുകെ – കേരള ബിസിനസ് ഫോറം.

മികച്ച പ്രസംഗക, എഴുത്തുകാരി എന്നീ നിലകളിലും സാംസ്ക്കാരികരംഗത്തെ ഇടപെടലിലൂടെയും സമൂഹത്തിനു നൽകുന്ന സംഭാവനകൾ, പരിസ്ഥിതസംരക്ഷണത്തിനു നേതൃത്വം നൽകിയ പരിപാടികൾ, നിയമസാക്ഷരത, ആരോഗ്യവിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ സ്ത്രീകളെ ഉണർത്താനും ശക്തിപ്പെടുത്താനും സ്വീകരിച്ച നടപടികൾ, വിവിധ വിശ്വാസക്കാർക്കിടയിൽ സമന്വയം വളർത്താനും സംഘർഷങ്ങൾ ലഘൂകരിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാം പ്രഖ്യാപനത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.