തണുപ്പ് തുടങ്ങി; ബഹ്‌റൈനില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു;മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

മനാമ: രാജ്യത്ത് തണുപ്പുകാലം ആരംഭിച്ചതോടെ പകര്‍ച്ച വ്യാധികള്‍ പടരുന്നു. കുട്ടികളിലാണ് ശൈത്യകാല രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. നിരവധി പേരാണ് ശൈത്യകാല രോഗത്തെ തുടര്‍ന്ന് ചികിത്സതേടി ആശുപത്രികളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. പനിയും ജലദോഷവും അനുബന്ധ രോഗങ്ങളുമാണ് ശൈത്യകാലത്ത് കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. ജലദോഷം, പനി, ചുമ, തൊണ്ടവേദന, ശരീര വേദന, ചര്‍ദ്ദി എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണമെന്നും ചികിത്സ തേടിയിരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ശക്തമായ തണുപ്പുള്ളപ്പോള്‍ അതിരാവിലെ ജോലിസ്ഥലത്തേക്ക് പോകേണ്ടി വരുന്ന തൊഴിലാളികള്‍ക്കും വൈകീട്ട് തണുപ്പോട് കൂടി തന്നെ അപര്യാപ്തമായ സൗകര്യങ്ങളില്‍ തിരിച്ച് ക്യാമ്പുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും ഇത്തരത്തിലുള്ള അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്.എല്ല്, വാത സംബന്ധമായ അസുഖമുള്ളവര്‍ക്കും തണുപ്പ് കൂടുന്നതിന് അനുസരിച്ച് ബുദ്ധിമുട്ട് കൂടുതലാണ്.

കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റത്തിന് അനുയോജ്യമായ തരത്തിലുള്ള വസ്ത്രധാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ പ്രതിരേധ നടപടികള്‍ ഉറപ്പുവരുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശീതകാലത്ത് രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ പടര്‍ന്നു പിടിക്കുന്നത് സാധാരണമാണെന്നും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൈകള്‍ ഇടിയ്ക്കിടെ വൃത്തിയായി കഴുകിയിരിക്കണം, ചുമയ്ക്കുമ്പോഴും തമ്മുമ്പോഴും ടവ്വല്‍ ഉപയോഗിക്കുന്നതും വൈറസുകള്‍ വ്യാപിക്കുന്നത് തടയാന്‍ സഹായകരമായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി അവസാനം വരെ ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.