ജോണ്‍ എബ്രഹാം പുരസ്‌കാരം; ഞാന്‍ നിന്നോടു കൂടെയുണ്ട്

download17-ാമത് ജോണ്‍ എബ്രഹാം പുരസ്‌ക്കാരം പ്രിയനന്ദന്‍ സംവിധാനം ചെയ്ത ‘ഞാന്‍ നിന്നോടു കൂടെയുണ്ട്’ എന്ന സിനിമയ്ക്ക്. രണ്ടു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമയുടെ ഇതിവൃത്തം.

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെയും സംഘര്‍ഷങ്ങളെയും സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും സമന്വയത്തിലൂടെ ചലചിത്രഭാഷയുടെ നവീന സാധ്യതകള്‍ ഉപയോഗിച്ച് ദൃശ്യവല്‍ക്കരിക്കുന്ന ഈ സിനിമ തുല്യതയിലധിഷ്ഠിതമായ മാനവികതയുടെ നവസങ്കല്‍പ്പങ്ങളെ അവതരിപ്പിച്ചിരിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു. വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ജലാംശം, വിദൂഷകന്‍, ഇയ്യോബിന്റെ പുസ്തകം, നെഗലുകള്‍, അലീഫ്, പുതപ്പ്, ഒരാള്‍പ്പൊക്കം, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നിങ്ങനെ ഒമ്പത് ചിത്രങ്ങളെ പിന്തളളിയാണ് ഞാന്‍ നിന്നോട് കൂടെയുണ്ട് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രണയത്തിന്റെയും ജീവിതത്തിന്റെയും അന്വേഷണങ്ങളെ യാത്രയുടെയും പ്രകൃതിയുടെയും ബിംബങ്ങളുപയോഗിച്ചുകൊണ്ട് ഭ്രമാത്മകതയും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന രചനാശൈലിയിലുള്ള ‘ഒരാള്‍പ്പൊക്കം’ എന്ന സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, സംവിധാനമികവിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേടി.