എന്തല്ലാം കാരണങ്ങള്‍ കൊണ്ട്‌ ഭാര്യമാരെ തല്ലാം ?

ഇത്തരമൊരു ചര്‍ച്ച നടന്നത്‌ കേരളത്തിലല്ല. മലയാളികള്‍ക്കേറെ സുപരിചിതമായ ഗള്‍ഫ്‌ രാജ്യമായ ഖത്തറില്‍ നിന്നാണ്‌ ഈ വാര്‍ത്ത. ഈയിടെ സര്‍ക്കാര്‍ നടത്തിയ ഗാര്‍ഹിക രംഗത്തെ സംഭവങ്ങളെ കുറിച്ചുള്ള സര്‍വ്വെയിലും റിപ്പോര്‍ട്ടിലുമാണ്‌ ഈ ചോദ്യത്തിനുള്ള ഉത്തരമുള്ളത്‌. ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത്, മുലയൂട്ടല്‍, വിദ്യാഭ്യാസരംഗം, ആരോഗ്യം തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് 2012ല്‍ നടത്തിയ സര്‍വ്വേയിലൂടെ പറയുന്നത്.
ഭര്‍ത്താവ് ഭാര്യയെ തല്ലുന്നതിനെ ഖത്തറിലെ 16 ശതമാനം പുരുഷന്മാരും ഏഴ് ശതമാനം സ്ത്രീകളും അനുകൂലിക്കുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറുന്നത്. തല്ലുന്നതിന് ശരിയായ കാരണങ്ങളുണ്ടെങ്കില്‍ അതാവാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഡവലപ്‌മെന്റ് ആന്റ് പ്ലാനിംഗ് മന്ത്രാലയത്തിന്റെ കണക്കുകളാണ് ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത്.
ഭര്‍ത്താവിനോട് അനുവാദം ചോദിക്കാതെ വീട്ടില്‍ നിന്നും പുറത്തേക്ക് പോവുകയോ കുട്ടികളെ ശരിയായ രീതിയില്‍ പരിചരിക്കാതിരിക്കുകയോ ചെയ്യുന്ന സ്ത്രീ ഭാര്യയായുണ്ടാകുന്ന സാഹചര്യത്തിലാണ് മര്‍ദ്ദനം അംഗീകരിക്കാനാവുന്നതെന്ന് സര്‍വ്വേ പറയുന്നു. പതിനഞ്ച് വയസ്സിനും 49 വയസ്സിനും ഇടയിലുള്ള 5630 പുരുഷന്മാരിലും 5699 സ്ത്രീകളിലുമാണ് സര്‍വ്വേ നടത്തിയത്.
പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീട്ടില്‍ നിന്നും ഭാര്യ പുറത്തേക്ക് പോയാല്‍ തല്ലാമെന്ന് 15.4 ശതമാനം ഖത്തരികളും 9.9 ശതമാനം മറ്റുള്ളവരും പറയുന്നു. കുട്ടികളെ നോക്കാതിരുന്നാല്‍ 8.9 ശതമാനം ഖത്തരികളും 5.4 ശതമാനം മറ്റുള്ളവരും തല്ലുന്നതിനെ ന്യായീകരിക്കുമ്പോള്‍ ഭര്‍ത്താവിനോട് കയര്‍ത്തു സംസാരിച്ചാല്‍ തല്ലാമെന്ന് പറയുന്നവര്‍ ഖത്തരികളില്‍ 5.7 ശതമാനവും മറ്റുള്ളവരില്‍ 2.9 ശതമാനവുമുണ്ട്. ലൈംഗിക ബന്ധത്തിന് അനുവദിക്കാതിരുന്നാല്‍ തല്ലാമെന്ന് 3.6 ശതമാനം ഖത്തരികള്‍ പറയുമ്പോള്‍ മറ്റുള്ളവരുടെ എണ്ണം 2.6 ശതമാനമാണ്. ഭക്ഷണം മോശമായാല്‍ തല്ലുന്നതിനെ 1.5 ശതമാനം ഖത്തരികള്‍ അനുകൂലിക്കുമ്പോള്‍ മറ്റുള്ളവരുടെ എണ്ണം 1.4 ശതമാനമാണ്. ഇവയില്‍ ഏത് കാരണമുണ്ടായാലും തല്ലാമെന്ന് പറയുന്ന ഖത്തരികള്‍ 20.5 ശതമാനവും മറ്റുള്ളവര്‍ 13.7 ശതമാനവുമാണ്.
ഈ കാര്യങ്ങളില്‍ പുറത്തു വന്ന സര്‍വ്വേയിലെ രസകരമായ വസ്തുത വിവാഹിതരേക്കാള്‍ അവിവാഹിതരാണ് ഭാര്യയെ തല്ലാമെന്നതിനോട് കൂടുതല്‍ അനുകൂലമായി പ്രതികരിച്ചിട്ടുള്ളതെന്നാണ്.
ചോദിക്കാതെ ഭാര്യ പുറത്തുപോയാല്‍ (10.1 ശതമാനം), കുട്ടികളെ നോക്കാതിരുന്നാല്‍ (5.2), ഭര്‍ത്താവിനോട് കയര്‍ത്തു സംസാരിച്ചാല്‍ (2.8), ലൈംഗിക ബന്ധത്തിന് അനുവദിക്കാതിരുന്നാല്‍ (2.6), ഭക്ഷണം മോശമായാല്‍ (1.4), ഈ കാരണങ്ങളിലേതുമായാല്‍ (13.6) എന്നിങ്ങനെയാണ് ഭാര്യയെ തല്ലാമെന്ന് പറയുന്ന വിവാഹിതരുടെ കണക്കുകള്‍. എന്നാല്‍ ചോദിക്കാതെ ഭാര്യ പുറത്തുപോയാല്‍ (14.1 ശതമാനം), കുട്ടികളെ നോക്കാതിരുന്നാല്‍ (8.6), ഭര്‍ത്താവിനോട് കയര്‍ത്തു സംസാരിച്ചാല്‍ (5.3), ലൈംഗിക ബന്ധത്തിന് അനുവദിക്കാതിരുന്നാല്‍ (3.5), ഭക്ഷണം മോശമായാല്‍ (1.6), ഈ കാരണങ്ങളിലേതുമായാല്‍ (19.5) എന്നിങ്ങനെയാണ് ഭാര്യയെ തല്ലാമെന്ന് പറയുന്ന അവിവാഹിതരുടെ ശതമാനം.
വിദ്യാഭ്യാസ നിലവാരം ഉയരുന്നതിന് അനുസരിച്ച് ഭാര്യയെ തല്ലാമെന്ന് പറയുന്നവരുടെ നിലപാടിലും മാറ്റമുണ്ട്. തീരെ വിദ്യാഭ്യാസമില്ലാത്തവര്‍ 15.9 ശതമാനം പേര്‍ ഭാര്യ ചോദിക്കാെത പുറത്തുപോയാല്‍ തല്ലാമെന്ന് പറയുമ്പോള്‍ സര്‍വ്വകലാശാല വിദ്യാഭ്യാസമോ അതിനു മുകളിലോ ഉള്ളവര്‍ ഭാര്യ ചോദിക്കാതെ പുറത്തുപോകുന്നതിന് തല്ലാമെന്ന് പറയുന്നത് 9.7 ശതമാനമാണ്. പ്രൈമറി വിദ്യാഭ്യാസമുള്ളവരില്‍ 18.3 ശതമാനവും പ്രിപ്പറേറ്ററി വിദ്യാഭ്യാസമുള്ളവരില്‍ 16.8 ശതമാനവും സെക്കന്ററി വിദ്യാഭ്യാസമുള്ളവരില്‍ 13.6 ശതമാനവും ചോദിക്കാതെ പുറത്തുപോകുന്ന ഭാര്യയെ തല്ലാമെന്ന് അംഗീകരിക്കുന്നുണ്ട്.
വിവിധ ഗ്രൂപ്പുകളിലായി 1846 ഖത്തരികള്‍ 3784 മറ്റുള്ളവര്‍ എന്നിവരെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവരില്‍ 15നും 19നും ഇടയില്‍ പ്രായമുള്ള 833, 20നും 24നും ഇടയില്‍ 670, 25- 29ന് ഇടയില്‍ 803, 30- 34ന് ഇടയില്‍ 971, 35നും 39നും ഇടയില്‍ 849, 40- 44ന് ഇടയില്‍ പ്രായമുള്ള 859, 45- 49 വയസ്സിനിടയിലുള്ള 644 പേര്‍ എന്നിങ്ങനെയാണ് സര്‍വ്വേയില്‍ പങ്കെടുത്തവരുടെ കണക്ക്. വിവാഹിതരായ 3377 പേരും അവിവാഹിതരായ 2249 പേരുമാണ് ഇതിലുള്ളത്. വിദ്യാഭ്യാസമില്ലാത്ത 56 പേര്‍, പ്രൈമറി വിദ്യാഭ്യാസമുള്ള 134, പ്രിപറേറ്ററി 351, സെക്കന്‍ഡറി 1794, സര്‍വ്വകലാശാല വിദ്യാഭ്യാസവും അതിനുമുകളിലും 3292 എന്നിങ്ങനെയാണ് പങ്കെടുത്തവരുടെ വിദ്യാഭ്യാസ നിലവാരം.
ഭാര്യയെ തല്ലുന്നതിനെ ഖത്തരികളില്‍ അഞ്ചിലൊരാള്‍ വീതം അംഗീകരിക്കുന്നുണ്ടെന്നാണ് സര്‍വ്വേ തെളിയിക്കുന്നത്. മറ്റുള്ളവരിലാകട്ടെ 13.7 ആണ് ഇതിന്റെ കണക്ക്.
സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തുപോയാല്‍ തല്ലാമെന്ന് 3.4 ശതമാനം ഖത്തരി വനിതകളും 4.3 ശതമാനം മറ്റുള്ളവരും പറയുന്നുണ്ട്. കുട്ടികളെ നോക്കാതിരുന്നാല്‍ (3.2 ശതമാനം), ഭര്‍ത്താവിനോട് കയര്‍ത്താല്‍ (2.5), ലൈംഗിക ബന്ധത്തിന് അനുവദിക്കാതിരുന്നാല്‍ (1), ഭക്ഷണം മോശമായാല്‍ (0.6), ഇതിലേതെങ്കിലും കാരണമുണ്ടായാല്‍ (6.2) എന്നിങ്ങനെയാണ് ഭാര്യയെ തല്ലാമെന്ന് പറയുന്ന ഖത്തരി സ്ത്രീകളുടെ കണക്ക്. കുട്ടികളെ നോക്കാതിരുന്നാല്‍ (2.5 ശതമാനം), ഭര്‍ത്താവിനോട് കയര്‍ത്താല്‍ (1), ലൈംഗിക ബന്ധത്തിന് അനുവദിക്കാതിരുന്നാല്‍ (0.91), ഭക്ഷണം മോശമായാല്‍ (0.7), ഇതിലേതെങ്കിലും കാരണമുണ്ടായാല്‍ (6.7) എന്നിങ്ങനെയാണ് ഭാര്യയെ തല്ലാമെന്ന് പറയുന്ന ഖത്തരികളല്ലാത്ത മറ്റു സ്ത്രീകളുടെ കണക്ക്.
അടുത്തിടെ വിവാഹിതരായ 3755 സ്ത്രീകളും നേരത്തെ വിവാഹിതരായ 90 പേരും വിവാഹം കഴിച്ചിട്ടില്ലാത്ത 1853 പേരുമാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. സെക്കന്ററി വിദ്യാഭ്യാസത്തിന് താഴെയുള്ള 630 പേരും സെക്കന്ററി വിദ്യാഭ്യാസമുള്ള 1763 പേരും സര്‍വ്വകലാശാല വിദ്യാഭ്യാസമോ അതിനു മുകളിലോ ഉള്ള 3293 വനിതകളുമാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് വിമിന്‍ ആന്റ് ചില്‍ഡ്രന്‍ 2012ല്‍ പ്രതിദിനം നാല് കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് സുരക്ഷ നല്കാന്‍ കൂടുതല്‍ ശക്തമായ നിയമ നിര്‍മാണം വേണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജി സി സി രാജ്യങ്ങളിലെ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്