വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളെ വാട്‌സ് ആപ്പിറ്റൈസ് രോഗം പിടികൂടിയേക്കാം

WhatsAppദിവസത്തിന്റെ നല്ലൊരു പങ്കും വാട്‌സ്ആപ്പ് നോക്കി ഇരിക്കുന്നവരാണോ നിങ്ങള്‍ ? ആണെങ്കില്‍ ഇനിയെങ്കിലും ആ ശീലം മാറ്റിയേ മതിയാകൂ. കാരണം വാട്‌സ്ആപ്പില്‍ ഏറെ നേരം ചാറ്റ് ചെയ്യുന്നവരില്‍ ‘വാട്‌സ് ആപ്പിറ്റൈസ്’ എന്ന രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സ്പാനിഷ് ആരോഗ്യ വിദഗ്ദ്ധരാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. തള്ളവിരലിനെയും, കൈതണ്ടയെയുമാണ് ഈ രോഗം ബാധിക്കുക. സ്പാനിഷിലെ 34 കാരിയായ ഫിസിഷ്യനിലാണ് രോഗം സ്ഥിരീകരിച്ചത്. ഗര്‍ഭിണിയായ ഇവരുടെ കൈതണ്ടയിലെ വേദന വിട്ടുമാറാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം വാട്‌സ് ആപ്പിറ്റൈസ് ആണെന്ന് സ്ഥിരീകരിച്ചത്.

ഇവര്‍ക്ക് രോഗം ബാധിക്കാനുണ്ടായ കാരണം സ്മാര്‍ട്ട് ഫോണിലെ ഇന്‍സ്റ്റന്റ് മെസേജിങ്ങ് സര്‍വ്വീസായ വാട്‌സപ്പ് ആപ്ലക്കേഷനിലൂടെ സദാസമയവും ചാറ്റ് ചെയ്ത് കൊണ്ടിരുന്നതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 130 ഗ്രാം ഭാരമുള്ള ഫോണ്‍ 6 മണിക്കൂറോളം കൈകളില്‍ പിടിച്ചതാണ് ഈ രോഗം ഉണ്ടാകാനിടയായ പ്രധാന കാരണങ്ങളില്‍ ഒന്ന്.

ഇത്തരത്തില്‍ കൈകള്‍ക്ക് വിശ്രമമില്ലാതെയുള്ള ചാറ്റിങ് ആരോഗ്യത്തെ മറ്റ് പലതരത്തിലും ബാധിക്കുമെന്ന് സ്‌പെയിനിലെ ജനറല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ഫെര്‍ണ്ണാണ്ടസ് ഗൊറേറിയോ ചൂണ്ടി കാണിച്ചു.