ഖത്തറില്‍ യുവാവിനെ വാട്‌സ്‌ ആപ്പ്‌ വഴി ഭീഷണിപ്പെടുത്തിയ അറബ്‌ വനിതയ്‌ക്ക്‌ തടവും പിഴയും

Untitled-1 copyദോഹ: വാട്‌സ് ആപ്പ് വഴി നിരന്തരമായി യുവാവിനെ ഭീഷണി മുഴക്കിയ അറബ് വനിതയ്ക്ക് ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു. പരാതിക്കാരന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വനിതയാണ് ഭീഷണിയുമായി രംഗത്തുവന്നത്. പിന്നീട് ഇവിടെ നിന്നും വീടൊഴിഞ്ഞ് പോയ വനിത നിരന്തരം ഭീഷണി മുഴക്കി വാട്‌സ് ആപ് സന്ദേശങ്ങള്‍ അയക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഖത്തറില്‍ നിന്ന് നാടുകടത്തുമെന്നതുള്‍പ്പെടെയുള്ള ഭീഷണി സന്ദേശങ്ങള്‍ തെളിവായി സമര്‍പ്പിച്ച പരാതിക്കാരന്‍ ഭീഷണി വര്‍ധിച്ചതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നതെന്നും ബോധിപ്പിച്ചു. അറബ് രാജ്യക്കാരിയായ വിദേശി വനിത പരാതിക്കാരന് ഇരുപതിനായിരം റിയാല്‍ നല്‍കണമെന്നും വനിതയെ ആറു മാസത്തേക്ക് തടവിന് ശിക്ഷിക്കുന്നതായും കുറ്റാന്വേഷണ കോടതി വ്യക്തമാക്കി. പ്രതിയാക്കപ്പെട്ട വനിതയുടെ സിം കാര്‍ഡ്, ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാക്കിയിരുന്നു.