വാട്‌സാപ് തട്ടിപ്പുകള്‍ വര്‍ധിക്കുന്നു;ജാഗ്രതാ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ബാങ്ക് അക്കൗണ്ട് വഴി പണം നഷ്ടമായത് നരിവധി പേര്‍ക്ക്

കുവൈത്ത് സിറ്റി:രാജ്യത്ത് വാട്‌സാപ് തട്ടിപ്പുകള്‍ ഒരോ ദിവസവും കൂടിവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ജാഗ്രത നിര്‍ദേശവുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം രംഗത്ത്. വാട്‌സാപ് സന്ദേശങ്ങളുടെ കെണിയില്‍പ്പെട്ട് നിരവധിപേര്‍ക്കാണ് ബാങ്ക് അക്കൗണ്ട് വഴി പണം നഷ്ടമായത്. ഇത്തരത്തില്‍ നിരവധി പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ ഏറെയും വാട്‌സാപ് വഴിയാണ് സംഭവിച്ചിട്ടുള്ളത്.

ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കൈമാറരുതെന്നും സംശയം തോന്നുന്ന വെബ്‌സൈറ്റുകള്‍ ഒന്നും തന്നെ യാതൊരുകാരണവശാലും തുറക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പറും പിന്‍ നമ്പറുമെല്ലാം ഹാക്കിങ്ങിലൂടെ എളുപ്പത്തില്‍ കൈക്കലാക്കാന്‍ കഴിയും. അതുകൊണ്ടു തന്ന ഇക്കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ തൗഹീദ് അല്‍ കന്‍ദരി വ്യക്തമാക്കി.

ഇത്തരത്തില്‍ ഏതെങ്കിലും തട്ടിപ്പില്‍പെടുകയോ നിങ്ങളെ ആരെങ്കിലും ബ്ലാക്‌നെയില്‍ ചെയ്യുകയോ ചെയ്താല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ 25660142 എന്ന നമ്പറില്‍ അറിയിക്കാനും അധികൃതര്‍ പറയുന്നു.