സുഭാഷ്‌ ചന്ദ്രബോസിനെ സംബന്ധിച്ച രഹസ്യരേഖകള്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

subhash-chandra-boseകൊല്‍ക്കത്ത:ഏഴ്‌ ദശാബ്ദം നീണ്ട കാത്തിരിപ്പിനൊടുവില്‍ നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടു. 64 ഫയലുകളാണ്‌ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്‌. നേതജിയുടെ ജീവിതവും തിരോധാനവും സംബന്ധിച്ച നിപവധി രഹസ്യങ്ങള്‍ ഫയലുകളില്‍ ഉണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

പൊതുജനങ്ങള്‍ക്ക്‌ പരിശോധിക്കാനായി കൊല്‍ക്കത്ത മ്യൂസിയത്തില്‍ പ്രത്യേക കമ്പ്യൂട്ടറിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. തിങ്കളാഴ്‌ച മുതല്‍ രേഖകള്‍ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാകും. 67 വര്‍ഷമായി അതീവരഹസ്യമായി കൊല്‍ക്കത്ത പോലീസ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു രേഖകള്‍. 64 ഫയലുകളും നേതജിയുടെ കുടുംബത്തിന്‌ കൈമാറി. 12,000 ല്‍ അധികം പേജുകളുളള രേഖകളാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌. ഡിവിഡിയിലാക്കിയ രേഖകള്‍ വൈകാതെ തന്നെ മാധ്യമങ്ങള്‍ക്ക്‌ നല്‍കും.

മറ്റ്‌ രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളും ഫയലുകളില്‍ ഉണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമോ എന്നും ആശങ്കയുയരുന്നുണ്ട്‌. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചനടത്തിയ ശേഷമായിരുന്നു മമത സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടിയിരുന്നതെന്ന്‌ കേന്ദ്രസര്‍ക്കാരിന്റെ വക്താക്കള്‍ പറഞ്ഞു.

സുഭാഷ്‌ ചന്ദ്രബോസിനെ സംബന്ധിച്ച ഏതാനും രേഖകള്‍ നേരത്തെ പരസ്യമാക്കിയിരുന്നു. 1997 ല്‍ പുറത്തുവിട്ട ഇന്റലിജന്‍സ്‌ രേഖകള്‍ പ്രകാരം നേതാജി അന്തരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വന്ന്‌ എട്ട്‌ മാസത്തിന്‌ ശേഷവും നേതാജി ജീവിച്ചിരിക്കുന്നുവെന്ന്‌ മഹാത്മാഗാന്ധി പറഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. 1954 ഓഗസ്റ്റ്‌ 18 ന്‌ നടന്ന വിമാനപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നാണ്‌ പൊതുവെ വിശ്വസിക്കപ്പെടുന്നത്‌.

താന്‍ റഷ്യയിലാണെന്നും ഇന്ത്യയിലെത്താന്‍ ആഗ്രഹമുണ്ടെന്നും കാണിച്ച്‌ നേതാജി അന്നത്തെ പ്രധാനമന്ത്രി ജവഹാര്‍ലാല്‍ നെഹറുവിന്‌ കത്തയച്ചതായും ഇന്റലിജന്‍സ്‌ രേഖകളില്‍ വ്യ്‌ക്തമാക്കിയിരുന്നു. മരണാന്തരചടങ്ങുകള്‍ നടത്തരുതെന്ന്‌ മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നതായി ബന്ധുവായ ചന്ദ്രബോസ്‌ പറഞ്ഞതായും നേരത്തെ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കിയിരുന്നു.

നേതാജിയെ സംബന്ധിച്ച ഫയലുകള്‍ പുറത്തുവിടണമെന്ന വര്‍ഷങ്ങാളായുള്ള അദേഹത്തിന്റെ കുടുംബത്തിന്റെ ആവശ്യമാണ്‌ ഇതോടെ സഫലമാകുന്നത്‌.